യുദ്ധം മടുത്തെന്ന് ഐ.ഡി.എഫ് തലവനും പ്രതിരോധ മന്ത്രിയും; വെടിനിർത്തലിന് ഇരുവരും നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
text_fieldsതെൽഅവീവ്: സൈനിക നീക്കത്തിലൂടെ ബന്ദിമോചനം സാധ്യമല്ലെന്നും യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഐ.ഡി.എഫ് തലവനും ഇസ്രായേൽ പ്രതിരോധ മന്ത്രിയും വെടിനിർത്തലിന് നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. പ്രതിരോധ മന്ത്രി യോവ് ഗാലൻറും ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഹെർസി ഹലേവിയുമാണ് വെടിനിർത്തൽ ആവശ്യപ്പെടുന്നതെന്ന് ഇസ്രായേൽ മാധ്യമമായ ജറൂസലം പോസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
ഗസ്സയിലും ലബനാനിലും വെടിനിർത്തണമെന്നതാണ് ഇസ്രായേൽ പ്രതിരോധ വകുപ്പ് മൊത്തത്തിൽ ആഗ്രഹിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി. തുടർച്ചയായി സൈനികർ കൊല്ലപ്പെടുന്നത് നിരാശരാക്കുന്നുണ്ട്. സൈനികമായി ഇനി വൻനേട്ടങ്ങൾ കൈവരിക്കാനുണ്ടെന്ന് തോന്നുന്നില്ല. ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 101 ഇസ്രായേലികളെ തിരികെ കൊണ്ടുവരണമെങ്കിൽ യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് വഴി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെടിനിർത്തലിന് ഇരുവരും നെതന്യാഹുവിന് മേൽ സമ്മർദം ശക്തമാക്കുന്നത്.
ഇന്നലെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ല റോക്കറ്റാക്രമണത്തിൽ മെതുലയിൽ അഞ്ചുപേരും വടക്കൻ ഇസ്രായേലിലെ ഒലിവ് തോട്ടത്തിൽ രണ്ട് പേരുമാണ് മരിച്ചതെന്ന് ഇസ്രായേലി എമർജൻസി സർവിസായ മെഗൻ ദവീദ് അദോം (എം.ഡി.എ) അധികൃതർ പറഞ്ഞു. അടുത്തദിവസങ്ങളിലായി നിരവധി ഇസ്രായേൽ സൈനികരാണ് യുദ്ധഭൂമിയിൽ ഹിസ്ബുല്ലയുടെയും ഹമാസിന്റെയും പ്രത്യാക്രമണത്തിൽ മരിച്ചുവീണത്.
അതിനിടെ, ഐ.ഡി.എഫ് തലവൻ ഹെർസി ഹലേവിയെ വധിക്കാൻ ഹമാസ് ശ്രമിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നു. ഏതാനും ദിവസം മുമ്പ് വടക്കൻ ഗസ്സയിൽ യുദ്ധനീക്കങ്ങൾ വിലയിരുത്താൻ എത്തിയ ഹെർസി ഹലേവി യോഗം ചേർന്ന വീടിന് നേരെ ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡാണ് ആക്രമണം നടത്തിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, സംഭവ സമയത്ത് ഹലേവി അവിടം വിട്ടിരുന്നുവെന്നും സ്ഥലത്ത് അവശേഷിച്ചിരുന്ന ഐ.ഡി.എഫ് 888 മൾട്ടിഡൈമൻഷണൽ യൂണിറ്റിലെ നാല് സൈനികർ കൊല്ലപ്പെട്ടുവെന്നും ‘ഫലസ്തീൻ ക്രോണിക്കിൾ’ വാർത്തയിൽ പറയുന്നു.
ഹമാസ് ആക്രമണത്തിൽ തങ്ങളുടെ നാലുസൈനികർ കൊല്ലപ്പെട്ട വാർത്ത നേരത്തെ ഇസ്രായേൽ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇത് ഐ.ഡി.എഫ് തലവനെ ലക്ഷ്യമിട്ടാണെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നില്ല. ഹലേവിയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോൾ മാധ്യമ റിപ്പോർട്ടുകളാണ് സൂചിപ്പിക്കുന്നത്. ഇസ്രായേൽ മാധ്യമമായ ഹാരെറ്റ്സിന്റെ ഹിബ്രു പതിപ്പിനെ ഉദ്ധരിച്ചാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും പിന്നീട് ഈ വാർത്ത ഹാരെറ്റ്സിൽ കാണാൻ കഴിഞ്ഞില്ലെന്നും അവർ ഹീബ്രു പതിപ്പിൽനിന്ന് വാർത്ത നീക്കം ചെയ്‌തതാണോ എന്ന് വ്യക്തമല്ലെന്നും ‘ഫലസ്തീൻ ക്രോണിക്കിൾ’ ചൂണ്ടിക്കാട്ടി.
ഒക്‌ടോബർ 20ന് ഐ.ഡി.എഫിലെ ഉന്നത സൈനികനായ കേണൽ ഇഹ്‌സാൻ ദഖ്‌സയെ ഹമാസ് പോരാളികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ഗസ്സയിൽ ഇപ്പോഴും ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾ സജീവമാണ് എന്നതിന് തെളിവാണ്. അതേസമയം, ഐ.ഡി.എഫ് തലവൻ ഹെർസി ഹലേവിയെ വധിക്കാൻ ഹമാസ് ശ്രമിച്ചുവെന്ന റിപ്പോർട്ടിനോട് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.