ലോകമാകെ പടരുന്നത് ഡെൽറ്റ; കരുതിയിരിക്കണം, രണ്ട് ഡോസ് വാക്സിനെടുത്തവരേയും ബാധിക്കുമെന്ന് വിദഗ്ധർ
text_fieldsകൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണ് ലോകമാകെ അതിവേഗം പടരുന്നതെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വ്യാപിക്കുകയാണ്. ഡെൽറ്റ വൈറസ് വ്യാപനം തടയാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു.
ജൂൺ 28 മുതൽ ജൂലൈ 11 വരെയുള്ള കോവിഡ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും യൂറോപ്പിലെ 28 രാജ്യങ്ങളിൽ 19ലും ഡെൽറ്റ വകഭേദമാണ് പ്രധാനമായും വ്യാപിക്കുന്നതെന്ന് കണ്ടെത്തി. 68.3 ശതമാനം കേസുകളും ഡെൽറ്റ വൈറസ് കാരണമാണ്. നേരത്തെ, യൂറോപ്പിൽ കൂടുതലായുണ്ടായിരുന്ന ആൽഫ വകഭേദം 22.3 ശതമാനം മാത്രമാണ് കണ്ടെത്തിയത്.
അതേസമയം, രണ്ട് ഡോസ് വാക്സിനെടുത്തവരെയും ഡെൽറ്റ വൈറസ് ബാധിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ. വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇപ്പോൾ ഡെൽറ്റയെന്ന് ബ്രിട്ടണിലെ മൈക്രോബയോളജിസ്റ്റ് ഷാരോൺ പീകോക്ക് പറയുന്നു. ബ്രിട്ടണിൽ ഡെൽറ്റ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന 3692 പേരിൽ 22.8 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതാണ്. 58.3 ശതമാനം പേർ വാക്സിൻ സ്വീകരിക്കാത്തവരുമാണ്.
സിംഗപ്പൂരിൽ നാലിൽ മൂന്ന് ഡെൽറ്റ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് വാക്സിൻ സ്വീകരിച്ചവരിലാണ്. എന്നാൽ, ഇവരിലാരും ഗുരുതരാവസ്ഥയിലല്ല.
ഇസ്രായേലിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ 60 ശതമാനവും വാക്സിൻ സ്വീകരിച്ചവരാണ്. യു.എസിൽ പുതിയ കോവിഡ് കേസുകളുടെ 83 ശതമാനവും ഡെൽറ്റ വകഭേദമാണ്.
ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചവരുടെ മൂക്കിൽ, വുഹാനിൽ ആദ്യം റിപ്പോർട്ട് ചെയ്തതിനേക്കാൾ ആയിരം മടങ്ങ് കൂടുതൽ വൈറസിന്‍റെ സാന്നിധ്യമുണ്ടെന്ന് ചൈനയിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡെൽറ്റ വൈറസിന് ശരീരത്തിൽ കടന്നുകഴിഞ്ഞാൽ അസുഖം സൃഷ്ടിക്കാൻ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കുറവ് സമയം മതി.
ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമായിരുന്നു. അതിതീവ്ര വ്യാപനശേഷിയുള്ളതാണ് ഡെൽറ്റയെ അത്രയേറെ അപകടകരമാക്കുന്നത്. ഡെൽറ്റ പ്ലസ് എന്ന മറ്റൊരു വകഭേദവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.