കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വംശജ കമല ഹാരിസിനെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ് കമല ഹാരിസ്. ഈ വർഷം നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനൊപ്പം ഇവർ മത്സരിക്കും. ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെതിരെയാണ് കമല മത്സരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി കൺവൻഷൻ്റെ മൂന്നാം ദിനത്തിലായിരുന്നു കമല ഹാരിസിൻ്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം. ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കമല കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.രോഗങ്ങളുടേയും തൊഴിലിലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കമല കുറ്റപ്പെടുത്തി. അമേരിക്കയിലെ നിലവിലെ ആപത്തുകളിൽ നിന്നും രക്ഷിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും അല്ലാത്തപക്ഷം വരും തലമുറകളോട് നമ്മൾ ഉത്തരം പറയേണ്ടി വരുമെന്നും കമല പറഞ്ഞു. അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നും കമല ഹാരിസ് ഉറപ്പ് നൽകി.
ഏഷ്യൻ-ആഫ്രിക്കൻ പാരമ്പര്യമുള്ള ഒരു വനിത ഈ പദവിയിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. ചെന്നൈ സ്വദേശിനിയായ ഡോ. ശ്യാമള ഗോപാലൻ ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡോണൾഡ് ഹാരിസ്. അമേരിക്കയുടെ ചരിത്രത്തിൽ വനിതകൾ ഇതുവരെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 2008ൽ റിപ്പബ്ലിക് പാർട്ടിയുടെ സാറാ പെയ്ലിൻ, 1984ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജെറാൾഡിനോ ഫെറാരോ എന്നീ വനിതകൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിന്റൺ പരാജയപ്പെട്ടിരുന്നു.
തമിഴ്നാട്ടിൽ വേരുകളുള്ള കമല സെനറ്റർ എന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനത്തെ തുടർന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ വിശ്വസ്തയായി മാറിയതും വൈസ് പ്രസിഡൻ്റ് മത്സരാർത്ഥിയായി ജോ ബൈഡൻ്റെ പിന്തുണ നേടിയെടുത്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.