നാടുകടത്താൻ 18ാം നൂറ്റാണ്ടിലെ നിയമം; ട്രംപ് നീക്കത്തിന് കോടതി വിലക്ക്
text_fieldsവാഷിങ്ടൺ: നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം കോടതി തടഞ്ഞു.
വെനിസ്വേലയിൽനിന്നുള്ള കുടിയേറ്റക്കാരെ 1798ലെ അലിയൻ എനിമീസ് ആക്ട് പ്രകാരം നാടുകടത്താനുള്ള പ്രഖ്യാപനമാണ് മണിക്കൂറുകൾക്കകം കൊളംബിയ ജില്ല ജഡ്ജി ജയിംസ് ഇ. ബോസ്ബേർഗ് തടഞ്ഞത്. വിദേശ രാഷ്ട്രങ്ങളുടെ ശത്രുതാപരമായ നീക്കങ്ങളെക്കുറിച്ചാണ് നിയമം പറയുന്നതെന്നും ട്രംപിന്റെ പ്രഖ്യാപനം ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ, ഡെമോക്രസി ഫോർവേഡ് തുടങ്ങിയ പൗരാവകാശ സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
കാരണംകൂടാതെ ശത്രുരാജ്യങ്ങളിലെ പൗരന്മാരെ തടങ്കലിലിടാനും നാടുകടത്താനും പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണ് അലിയൻ എനിമീസ് ആക്ട്. ഈ നിയമപ്രകാരം വിദേശികളെ നാടുകടത്താൻ നിലവിലെ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ല.
വെനിസ്വേലൻ ക്രിമിനൽ സംഘമായ ട്രെൻ ഡി അരഗ്വ കടന്നുകയറി യു.എസിനെതിരെ ആക്രമണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിയമ പ്രകാരം നാടുകടത്താൻ ട്രംപ് ഉത്തരവിട്ടത്. കുടിയേറ്റക്കാരെ നാടുകടത്താൻ ഈ നിയമം ഉപയോഗിക്കുമെന്ന് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.