ബോംബിങ്ങിനിടയിലും ഗസ്സക്കാർ പറയുന്നു; ഫലസ്തീൻ അതോറിറ്റി വേണ്ട
text_fieldsഗസ്സ: ഫലസ്തീനിൽ ഇസ്രായേൽ ആക്രമണം അവസാനിക്കുമ്പോൾ ഗസ്സ മുനമ്പിന്റെ ഭരണം ഫലസ്തീൻ അതോറിറ്റി ഏറ്റെടുക്കുമെന്ന പ്രചാരണത്തിൽ താൽപര്യം പ്രകടിപ്പിക്കാതെ ജനങ്ങൾ. അധിനിവിഷ്ട ഫലസ്തീൻ ദേശമായ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫലസ്തീൻ അതോറിറ്റിയെ, ഗസ്സയുടെ ഭരണച്ചുമതലയിലേക്ക് കൊണ്ടുവരുമോയെന്ന ചർച്ചകൾ എങ്ങും സജീവമായിട്ടുണ്ട്.
ഈ അവസരം മുൻകൂട്ടി കണ്ട് കഴിഞ്ഞദിവസം പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ഭാവിയിലെ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി ഗസ്സയിലേക്ക് മടങ്ങാൻ അഥവാ ഭരണമേറ്റെടുക്കാൻ ഫലസ്തീൻ അതോറിറ്റി തയാറാണെന്ന് സൂചിപ്പിച്ചിരുന്നു.
കിഴക്കൻ ജറൂസലമും ഗസ്സ മുനമ്പും അധിനിവിഷ്ട വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഫലസ്തീനിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിൽ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഗസ്സയിൽ ഹമാസിനെ മാറ്റിനിർത്തിയുള്ള ഭരണം വേണ്ടെന്ന നിലപാടിലാണ് ജനങ്ങൾ.
‘‘ജനങ്ങൾ അംഗീകരിച്ചാലും പിന്തുണച്ചാലും ഗസ്സ ഫലസ്തീൻ അതോറിറ്റി ഏറ്റെടുക്കുന്നത് ഒരു പരിഹാരമാണെന്ന് ഞാൻ കരുതുന്നില്ല. അവർ ഭരിക്കുന്ന വെസ്റ്റ് ബാങ്കിൽ എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞാൽ അത് അംഗീകരിക്കാനാവില്ല. വെസ്റ്റ് ബാങ്കിലെ നിരവധി പട്ടണങ്ങളിൽ എല്ലായ്പോഴും റെയ്ഡുകളും ആളുകളെ അറസ്റ്റ് ചെയ്യലുമാണ്. ഇതുതന്നെ ഗസ്സയിലും തുടർന്നേക്കും. ആയതിനാൽ, ഹമാസും ഫത്ഹുമെല്ലാം ഉൾപ്പെടുന്ന ഒരു ദേശീയ ഐക്യസർക്കാർ വരാനാണ് ഞാൻ താൽപര്യപ്പെടുന്നത്’’ -ഗസ്സക്കാരനായ മുഹമ്മദ് അൽ ജസീറയോട് പറഞ്ഞു.
ഫലസ്തീൻ അതോറിറ്റിക്ക് ഗസ്സയെ സംരക്ഷിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് 53കാരനായ കമാൽ പറഞ്ഞു. മഹമൂദ് അബ്ബാസ് പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും ഗസ്സക്ക് ജനങ്ങൾ തെരഞ്ഞെടുക്കുന്ന ദേശീയ ഐക്യസർക്കാർ ആയിരിക്കും യോജിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധിനിവിഷ്ട പ്രദേശങ്ങളിൽ വർഷങ്ങളായി നിലനിൽക്കുന്ന അധിനിവേശവും സൈനികഭരണവും പൊളിച്ചെഴുതാനുള്ള മാർഗങ്ങൾക്ക് മുൻഗണന നൽകണമെന്ന അഭിപ്രായമാണ് 29കാരിയായ സോമയക്ക്.
ഇപ്പോൾ ചർച്ച ചെയ്യുന്നത് എന്തുതന്നെയായാലും, ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ വെടിവെപ്പിൽനിന്ന് ഗസ്സയിൽ കഴിയുന്ന എന്റെ കുടുംബത്തിന്റെയോ മറ്റ് ആയിരക്കണക്കിന് ആളുകളുടെയോ സുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന് 45കാരനായ അബു ഹക്കീം പറഞ്ഞു.
അതേസമയം, യുദ്ധത്തിനുശേഷം ഗസ്സ ഫലസ്തീൻ അതോറിറ്റിയുടെ കീഴിലായിരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വംശീയകക്ഷി നേതാവ് സിംച റോത്ത്മാൻ അഭിപ്രായപ്പെട്ടു. ജൂതരെ കൊല്ലാനുള്ള അടുത്ത തലമുറ കൊലയാളികളെ വളർത്തുകയായിരിക്കും ഇതിലൂടെ ചെയ്യുകയെന്നും റോത്ത്മാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.