ഭൂകമ്പത്തിന്റെ മുറിവുണങ്ങുംമുമ്പ് വടക്കൻ സിറിയയിൽ സംഘർഷം
text_fieldsഡമസ്കസ്: ആയിരങ്ങളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ മുറിവുണങ്ങുംമുമ്പ് വടക്കൻ സിറിയയിൽ സർക്കാർ, വിമത വിഭാഗങ്ങൾ തമ്മിൽ സായുധസംഘർഷം.
വ്യാഴാഴ്ച വടക്കുപടിഞ്ഞാറൻ സിറിയയിൽ വെടിവെപ്പുണ്ടായതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷകർ പറഞ്ഞു. ബശ്ശാർ അൽഅസദ് ഭരണകൂടത്തിനു കീഴിലുള്ള സർക്കാർ സേന അതാരിബ് നഗരത്തിലെ വിമതർക്കുനേരെ ഷെൽ വർഷിച്ചതായും വിമതർ തിരിച്ചടിച്ചതായും യു.കെ ആസ്ഥാനമായുള്ള നിരീക്ഷകസംഘം റിപ്പോർട്ട് ചെയ്തു.
സർക്കാർ നിയന്ത്രണത്തിലുള്ള സറാഖിബ് നഗരത്തിലും ഏറ്റുമുട്ടലുണ്ടായി. ഹമ പ്രവിശ്യയിലെ വിമതകേന്ദ്രങ്ങളിലും ഷെൽവർഷമുണ്ടായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല അതേസമയം രണ്ട് രാഷ്ട്രങ്ങളിലും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ഈമാസം ആറിനാണ് വടക്കൻ സിറിയയെയും തെക്കൻ തുർക്കിയയെയും പിടിച്ചുലച്ച ഭൂകമ്പമുണ്ടായത്. നൂറിലേറെ ട്രക്ക് സഹായവസ്തുക്കൾ വെള്ളിയാഴ്ച സിറിയയിൽ എത്തിയതായി യു.എൻ എയ്ഡ് അറിയിച്ചു. വീട് നഷ്ടമായവരെ മാറ്റിപ്പാർപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്. അതിനിടെ, രണ്ടു രാജ്യങ്ങളിലുമായി ഭൂകമ്പമരണം 43,858 ആയി. തുർക്കിയയിൽ 38,044ഉം സിറിയയിൽ സർക്കാർ നിയന്ത്രിക്കുന്ന ഭാഗത്ത് 1414ഉം വിമതകേന്ദ്രത്തിൽ 4400ഉം മരണമാണ് സ്ഥിരീകരിച്ചത്.
തുർക്കിയയിൽ നാലുപേരെക്കൂടി രക്ഷിച്ചു
ഇസ്തംബൂൾ: തുർക്കിയയിലെ അന്റാക്യയിൽ കെട്ടിടാവശിഷ്ടത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരെ 260 മണിക്കൂറിനുശേഷം രക്ഷിച്ചു. ഉസ്മാൻ ഹലിബി (12), മെഹ്മത് അലി സകിറോഗ്ലു (26), മുസ്തഫ അക്വി (34) എന്നിവരാണ് അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയത്.
നെസ്ലാൻ കിലികിനെ (29) കഹ്റമന്മറാസിൽ രക്ഷിച്ചത് 258 മണിക്കൂറിനുശേഷമാണ്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഈമാസം ആറിനു പുലർച്ചെ തുർക്കിയയെ കുലുക്കിയ ഭൂകമ്പത്തിൽ നിരവധി അത്ഭുതകരമായ അതിജീവനസംഭവങ്ങളാണ് പുറത്തുവന്നത്. 74 രാജ്യങ്ങളിൽനിന്നുള്ള 8000ത്തോളം പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ സേവന, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന പരിശോധനകളിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ജീവനുള്ളവരെ കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.