ലാബുകളിലെ രോഗാണുക്കളെ നശിപ്പിക്കണം; യുക്രെയ്ന് ഡബ്ല്യു.എച്ച്.ഒ നിർദേശം
text_fieldsകിയവ്: ലാബുകളിൽ സൂക്ഷിച്ചിരിക്കുന്ന അപകടകാരികളായ രോഗാണുക്കളെ നശിപ്പിക്കാൻ യുക്രെയ്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നിർദേശം നൽകി. യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ലാബുകൾ തകർന്ന് രോഗാണുക്കൾ പുറത്തുവന്നേക്കാമെന്ന സാധ്യത മുന്നിൽ കണ്ടാണ് നിർദേശം.
ആകസ്മികമോ ബോധപൂർവമോ ആയി രോഗാണുക്കൾ പുറത്തുവരുന്നത് തടയാൻ ലാബുകളിലെ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടു വർഷങ്ങളായി ഡബ്ല്യു.എച്ച്.ഒ യുക്രെയ്നുമായി സഹകരിക്കുന്നുണ്ട്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി, യുക്രെയ്നിലെ ആരോഗ്യ മന്ത്രാലയത്തിനും മറ്റ് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾക്കും, അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാന്‍ നിർദേശം നൽകിയതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. എന്നാൽ, എപ്പോഴാണ് ഈ നിർദേശം നൽകിയതെന്നോ യുക്രെയ്നിലെ ലാബുകളിൽ സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെ കുറിച്ചോ ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിട്ടില്ല.
മറ്റു പല രാജ്യങ്ങളെയും പോലെ, യുക്രെയ്നിലെ ലാബുകളിലും കോവിഡ് ഉൾപ്പെടെ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന അപകടകരമായ രോഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പരീക്ഷണങ്ങൾക്ക് യു.എസ്, യൂറോപ്യൻ യൂണിയൻ, ഡബ്ല്യു.എച്ച്.ഒ എന്നിവയുടെ പിന്തുണയുമുണ്ട്. നേരത്തേ യുഎസിന്റെ പിന്തുണയോടെ യുക്രെയ്ൻ ജൈവായുധ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. യു.എസും യുക്രെയ്‌നും ആരോപണം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.