തകർത്ത ക്ഷേത്രം പുനർനിർമിക്കുമെന്ന് പാക് സർക്കാർ, 45 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്
text_fieldsഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ജനക്കൂട്ടം തകർത്ത ഹിന്ദുക്ഷേത്രം പുനർനിർമിക്കാനൊരുങ്ങി പ്രാദേശിക സർക്കാർ. ക്ഷേത്രം പുനർനിർമിക്കുന്നതിെൻറ പൂർണ ചെലവും സർക്കാർ വഹിക്കും. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ക്ഷേത്രമാണ് ആൾക്കൂട്ടം തകർത്തത്. പ്രതികളെന്നു സംശയിക്കുന്ന നിരവധി പേർ ഇതിനകം പൊലീസ് പിടിയിലായി. പ്രാദേശിക ഇസ്ലാമിക നേതാവും അറസ്റ്റിലായവരിൽപ്പെടും. പ്രവിശ്യാ സർക്കാർ ഫണ്ട് ഉപയോഗിച്ച് അമ്പലം പുനർനിർമിക്കുമെന്ന് പ്രവിശ്യാ വാർത്താ മന്ത്രി അറിയിച്ചു.
കാരക് പട്ടണത്തിലെ ശ്രീ പരമഹാൻസ് ജി മഹാരാജ് സമാധി ക്ഷേത്രത്തിനുനേരെ കഴിഞ്ഞ ബുധനാഴ്ചയാണ് അക്രമം നടന്നത്. ആരാധനാലയത്തിനുനേരെയുണ്ടായ അക്രമത്തിൽ അതിയായി ഖേദിക്കുന്നതായി തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവിശ്യാ വിവരമന്ത്രി കമ്രാൻ ബങ്കാഷ് പറഞ്ഞു. ക്ഷേത്രവും സമീപത്തെ വീടും പുനർനിർമിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഹിന്ദുസംഘത്തിെൻറ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിെൻറ നവീകരണത്തിൽ പ്രതിഷേധിച്ചാണ് ആൾക്കൂട്ടം ക്ഷേത്രത്തിനെതിരെ അക്രമം നടത്തിയത്.
സംഭവസ്ഥലത്ത് സുരക്ഷ ഏർപ്പെടുത്തുമെന്നും ഹിന്ദുസമൂഹത്തിെൻറ സഹകരണത്തോടെ പുനർനിർമാണം നടത്തുമെന്നും ബങ്കാഷ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 45 പേരെ അറസ്റ്റ് ചെയ്തതായി ജില്ല പൊലീസ് മേധാവി ഇർഫാനുല്ല ഖാൻ പറഞ്ഞു. ക്ഷേത്രം തകർത്തതിനെ തുടർന്ന് പാകിസ്താെൻറ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പ്രവിശ്യാ സർക്കാർ ശക്തമായ നടപടിയുമായി മുന്നോട്ടുവന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.