നയതന്ത്രതല പുനഃസംഘാടനം: ഇന്ത്യൻ നയതന്ത്രജ്ഞനെ ബംഗ്ലാദേശ് തിരിച്ചുവിളിച്ചു
text_fieldsധാക്ക: നയതന്ത്രതല പുനഃസംഘാടനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈകമീഷണർ മുസ്തഫിസുർ റഹ്മാനെയും മറ്റ് നാല് തലസ്ഥാനങ്ങളിലെ നയതന്ത്ര മേധാവികളെയും തിരിച്ചുവിളിച്ചു. രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം പ്രാപിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് അഞ്ച് നയതന്ത്ര പ്രതിനിധികളെ തിരികെ വിളിക്കാനുള്ള തീരുമാനം.
‘താങ്കളെ ധാക്കയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെഡ് ഓഫിസിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. അതിനാൽ, ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമീഷനിലെ ഉത്തരവാദിത്തങ്ങൾ ഉടൻ മതിയാക്കി ധാക്കയിലെ ഹെഡ് ഓഫിസിലേക്ക് മടങ്ങാൻ അഭ്യർഥിക്കുന്നുവെന്ന് ഒക്ടോബർ1ലെ ഉത്തരവിൽ ബംഗ്ലാദേശ് വിദേശകാര്യ ഓഫിസ് മുസ്തഫിസുർ റഹ്മാനെ അറിയിച്ചു. കാൻബറ, ബ്രസൽസ്, ലിസ്ബൺ, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലെ ബംഗ്ലാദേശിന്റെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർക്കും സമാനമായ നിർദേശങ്ങൾ നൽകി. അഞ്ചുപേരോടും ഉടൻ ധാക്കയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.
ദൂതന്മാരെ തിരിച്ചുവിളിക്കുന്നത് നയതന്ത്ര സേവനത്തിലെ പുനഃസംഘടനയുടെ രണ്ടാം ഘട്ടത്തെ അടയാളപ്പെടുത്തുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആഗസ്റ്റിൽ ചുമതലയേറ്റ ഉടൻ, യു.എസ്, റഷ്യ, ജപ്പാൻ, ജർമ്മനി, സൗദി അറേബ്യ, യു.എ.ഇ, മാലിദ്വീപ് എന്നിവിടങ്ങളിലെ ബംഗ്ലാദേശിന്റെ ഉന്നത പ്രതിനിധികളോട് മടങ്ങാൻ ഇടക്കാല സർക്കാർ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിലെ ഹൈക്കമീഷണർ സാദിയ മുന തസ്നീമിനോട് ഈ ആഴ്ച ആദ്യം മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
ഈ അംബാസഡർമാരിൽ പലരും മുൻ നയതന്ത്രജ്ഞരോ, വിരമിച്ചവരോ സേവനമനുഷ്ഠിക്കുന്നവരോ ആയ സിവിൽ, സൈനിക ഉദ്യോഗസ്ഥരായിരുന്നു. പുറത്താക്കപ്പെട്ട സർക്കാർ ആണ് ഇവരെയൊക്കെ വിദേശത്ത് നിയമിച്ചത്. പ്രസ്തുത രാജ്യങ്ങളിൽ വിദേശകാര്യ മന്ത്രാലയം ഇതുവരെ പുതിയ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല. തിരിച്ചുവിളിച്ച എല്ലാ നയതന്ത്രജ്ഞരും ഡിസംബറിലെ വിരമിക്കലിനുശേഷം അവധിയിൽ പോകാൻ ഒരുങ്ങുകയാണെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ധാക്കയിൽനിന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഹസീനയുടെ ഗവൺമെന്റിന്റെ വിടവാങ്ങൽ വിപുലമായ ഭരണപരമായ നവീകരണത്തിന് കാരണമായെന്നും നൂറുകണക്കിന് മുതിർന്ന ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തുവെന്നും ചില പ്രധാന വ്യക്തികളുടെ കരാറുകൾ അവസാനിപ്പിച്ചുവെന്നും റോയിട്ടേഴ്സ് പറഞ്ഞു. അവരിൽ പലരും രാജിവെക്കാനോ നേരത്തെ വിരമിക്കാനോ നിർബന്ധിതരാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഇടക്കാല സർക്കാർ ചുമതലയേറ്റ ഉടൻ ആഭ്യന്തര ഭരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ കരാർ നിയമനങ്ങൾ റദ്ദാക്കുകയും പ്രധാന നിയമ നിർവഹണ ഏജൻസിയുടെ തലവൻ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു. നൂറുകണക്കിന് മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ജൂലൈയിലും ആഗസ്റ്റ് ആദ്യത്തിലും സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ വിദ്യാർഥികളെയും സാധാരണക്കാരെയും കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.