ടൈം മാഗസിന്‍റെ 'നെക്സ്റ്റ് ജെൻ ലീഡേഴ്സ്' പട്ടികയിൽ ധ്രുവ് റാതി
text_fieldsന്യൂയോർക് ആസ്ഥാനമായുള്ള ടൈം മാഗസിൻ തയാറാക്കിയ വരുംതലമുറ നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ യൂട്യൂബറും ഫാക്ട് ചെക്കറുമായ ധ്രുവ് റാതി ഇടംനേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 യുവ പ്രതിഭകളുടെ പട്ടികയിലാണ് ധ്രുവ് റാതി ഉൾപ്പെട്ടത്. യുട്യൂബ് ചാനലിലൂടെ വിവിധ വിഷയങ്ങളിൽ വസ്‌തുതാ പരിശോധന നടത്തിയും വിദ്യാഭ്യാസപരമായ ഉള്ളടക്കം അവതരിപ്പിച്ചുമാണ് ധ്രുവ് റാതി ശ്രദ്ധേയനായത്.
കേരളത്തിനെതിരെ വിദ്വേഷം വളർത്തുക ലക്ഷ്യമിട്ടിറങ്ങിയ 'ദ കേരള സ്റ്റോറി' സിനിമയെ ഫാക്ട് ചെക്ക് ചെയ്തുകൊണ്ട് ധ്രുവ് റാതി അവതരിപ്പിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൃത്യമായ വിവരങ്ങൾ സഹിതം അവതരിപ്പിച്ച വിഡിയോ ‘കേരള സ്റ്റോറി’ സിനിമയുടെ അജൻഡകളെ തുറന്നുകാണിക്കുകയായിരുന്നു.
സംഘപരിവാറിന്‍റെ പല അജൻഡകളെയും വസ്തുതകൾ നിരത്തി വിശകലനം ചെയ്യാറുള്ള ധ്രുവ് റാതിക്ക് നേരെ പലതവണ സൈബർ ആക്രമണവുമുണ്ടായിട്ടുണ്ട്. സംഘപരിവാറിന്‍റെ കണ്ണിൽ കരടായതോടെ ഒരുതവണ അദ്ദേഹത്തിന്‍റെ ഫെയ്‌സ്‌ബുക്ക് പേജ് ബ്ലോക്ക് ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. സംഭവം ചർച്ചയായതിനു പിന്നാലെ ഫെയ്‌സ്‌ബുക്ക് നിരോധനം നീക്കി.
2014 മുതലാണ് ധ്രുവ് റാതി യൂട്യൂബിലൂടെ ഫാക്ട് ചെക്ക് വിഡിയോയുമായി രംഗത്തെത്തിയത്. ജനങ്ങള്‍ക്കിടയില്‍ വിമര്‍ശനാത്മക ചിന്തയും ബോധവത്കരണവും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. 28കാരനായ ധ്രുവ് റാതി ഹരിയാന സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.