ആക്ടിവിസ്റ്റുകളുടെ തിരോധാനം: രാജപക്സക്ക് സമൻസ് അയക്കാൻ സുപ്രീം കോടതി നിർദേശം
text_fieldsകൊളംബോ: സർക്കാറിനെതിരെ സമരം നടത്തിയ രണ്ട് ആക്ടിവിസ്റ്റുകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സക്ക് സമൻസ് അയക്കാൻ ശ്രീലങ്കൻ സുപ്രീംകോടതി നിർദേശം. ജാഫ്നയിൽ ലളിത് വീരരാജ്, കുഗൻ മുരുഗനാഥൻ എന്നിവരെ കാണാതായ സംഭവത്തിലാണ് നടപടി.
മഹിന്ദ രാജപക്സ പ്രസിഡന്റായ കാലത്ത് രാജപക്സ പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് സംഭവം. ആഭ്യന്തരയുദ്ധം അടിച്ചമർത്തിയ ഉടൻ ജാഫ്നയിൽനിന്ന് ഇരുവരെയും കാണാതാകുകയായിരുന്നു. വിമതനീക്കം സംശയിക്കുന്നവരെ ഇല്ലാതാക്കാൻ രാജപക്സക്കുകീഴിൽ 'പൊക്കൽ സംഘങ്ങൾ' സജീവമായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. നിരവധി പേരെയാണ് ഈ സംഘങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ ഹാജരാകാൻ 2018ൽ രാജപക്സക്ക് നിർദേശമുണ്ടായിരുന്നുവെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചു. പ്രസിഡന്റായതോടെ ഈ ആനുകൂല്യവും പ്രയോജനപ്പെടുത്തി. പുറത്താക്കപ്പെട്ട് ഭരണഘടന പരിരക്ഷ ഇല്ലാതായതിന് പിന്നാലെയാണ് കേസ് വീണ്ടും സജീവമാകുന്നത്. വിചാരണക്കായി ഡിസംബർ 15ന് നേരിട്ടെത്തേണ്ടിവരും.
പതിറ്റാണ്ടുകൾക്കിടെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എറിയപ്പെട്ട ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങിയതിനെ തുടർന്ന് രാജപക്സ ആദ്യം മാലദ്വീപിലേക്കും പിന്നീട് സിംഗപ്പൂർ, തായ്‍ലൻഡ് എന്നിവിടങ്ങളിലേക്കും കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.