രോഗങ്ങളും പടരുന്നു; ഗസ്സ അഭയാർഥികൾക്ക് നരകജീവിതം
text_fieldsഖാൻ യൂനുസ്: ഗസ്സയിൽ അഭയാർഥികളുടെ പലായനവും പട്ടിണിയും രൂക്ഷമായതിന് പിന്നാലെ രോഗങ്ങളും പടരുന്നു. കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് അഭയാർഥികൾക്കാണ് ത്വക്ക് രോഗമടക്കം വിവിധ രോഗങ്ങൾ പടർന്നുപിടിക്കുന്നത്. ചികിത്സതേടി നൂറുകണക്കിന് പേരാണ് മധ്യ ഗസ്സയിലെ നാസർ ആശുപത്രിയിൽ എത്തുന്നത്. തമ്പുകളിൽ അഭയാർഥികൾ തിങ്ങിപ്പാർക്കുന്നതും ചുട്ടുപൊള്ളുന്ന ചൂടുമാണ് രോഗങ്ങൾക്ക് പ്രധാന കാരണം. ഒമ്പത് മാസത്തിലേറെയായി അധിനിവേശസേന തുടരുന്ന കണ്ണിൽ ചോരയില്ലാത്ത ആക്രമണം ഫലസ്തീനിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പാടെ തകർത്തിരിക്കുകയാണ്.
കുന്നുകളായി കൂട്ടിയിട്ട മാലിന്യത്തിനും റോഡിലൂടെ ഒഴുകുന്ന അഴുക്കുവെള്ളത്തിനുമിടയിലാണ് അഭയാർഥികളുടെ ജീവിതം. 1,03,000ലധികം പേരാണ് പേൻ, ചൊറി തുടങ്ങിയവക്ക് ചികിത്സ തേടിയത്. 65,000 പേർ ത്വക്ക്, ചുണങ്ങ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഇസ്രായേൽ ആക്രമണം തുടങ്ങിയശേഷം ഗസ്സയിൽ പത്ത് ലക്ഷത്തിലേറെ പേർക്ക് ഗുരുതരമായ ശ്വാസകോശ അണുബാധയുണ്ടായി. അഞ്ച് ലക്ഷത്തിലേറെ പേർക്ക് കടുത്ത വയറിളക്കം അനുഭവപ്പെട്ടു. ഒരു ലക്ഷത്തിലേറെ പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു.
മലിനമായ വെള്ളമാണ് ലഭിക്കുന്നതെന്നും വൃത്തിയാക്കാൻ സോപ്പ് പോലുമില്ലെന്നും തെക്കൻ ഖാൻ യൂനുസിൽ അഭയാർഥി ക്യാമ്പിലെ തമ്പിൽ കഴിയുന്ന മുനീറ അൽ നഹാൽ പറഞ്ഞു. പ്രദേശം മുഴുവൻ മണലും പ്രാണികളും മാലിന്യവുമാണ്. പേരക്കുട്ടികൾ അടക്കം തിങ്ങിനിറഞ്ഞ തമ്പിലാണ് മുനീറ കഴിയുന്നത്. പലരുടെയും ശരീരത്തിൽ ചൊറിച്ചിലുണ്ട്. ഒരു കുട്ടിക്കാണ് ആദ്യം ചൊറിച്ചിൽ വന്നത്. പിന്നീട് മറ്റുള്ളവരിലേക്ക് പകരുകയായിരുന്നു.
ശുദ്ധജലം ലഭിക്കുന്നത് മിക്കവാറും അസാധ്യമാണ്. ചിലർ കുട്ടികളെ അടുത്തുള്ള കടൽ വെള്ളത്തിലാണ് കുളിപ്പിക്കുന്നത്. ഒരേ വസ്ത്രമാണ് ധരിക്കുന്നത്. കഴുകി ഉണങ്ങിയാൽ വീണ്ടും അതേ വസ്ത്രം ധരിക്കും. ഈച്ചകളാണ് എല്ലായിടത്തും. മാലിന്യം നിറഞ്ഞ മണലിലാണ് കുട്ടികൾ കളിക്കുന്നതെന്നും മുനീറ കൂട്ടിച്ചേർത്തു.
ഇസ്രായേൽ ആക്രമണത്തെതുടർന്ന് 2.3 ദശലക്ഷം ഗസ്സക്കാരാണ് പലതവണകളായി പലായനം ചെയ്തത്. ഇതിൽ ഭൂരിഭാഗവും ചെറിയൊരു പ്രദേശത്താണ് തിങ്ങിപ്പാർക്കുന്നത്. ആവശ്യത്തിന് കുടിവെള്ളമോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇവിടെയില്ല. ഭക്ഷണം, മരുന്ന് തുടങ്ങിയ ആടിസ്ഥാന ആവശ്യങ്ങളുടെ വിതരണംപോലും ഇസ്രായേൽ സേന തടസ്സപ്പെടുത്തുകയാണ്. ഇസ്രായേൽ വ്യോമാക്രമണം രൂക്ഷമായതോടെ അഭയാർഥി ക്യാമ്പുകളിലേക്ക് ചരക്കെത്തിക്കാൻ കഴിയുന്നില്ല. ഖരമാലിന്യ സംസ്‌കരണ സംവിധാനം തകർന്നിരിക്കുകയാണെന്ന് യു.എൻ ഡെവലപ്‌മെൻറ് പ്രോഗ്രാമിന്റെ ഫലസ്‌തീൻ ജനതക്കുള്ള സഹായ പദ്ധതിയുടെ ഡെപ്യൂട്ടി സ്‌പെഷൽ പ്രതിനിധി ചിറ്റോസ് നൊഗുച്ചി പറഞ്ഞു.
ആക്രമണത്തിന് മുമ്പുള്ള ഗസ്സയിലെ രണ്ട് മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്നും 10 താൽക്കാലിക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച യു.എൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.