Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആശയവിനിമയ സംവിധാനങ്ങൾ...

ആശയവിനിമയ സംവിധാനങ്ങൾ തകർക്കപ്പെട്ടത് ഹിസ്ബുല്ലയെയും പ്രതിരോധത്തിലാക്കും

text_fields
bookmark_border
Hezbollah attack in Israel
cancel
camera_alt

അതിർത്തിയിലെ റാമിം റിഡ്ജ് മേഖലയിൽ ഹിസ്ബുല്ലയുടെ മിസൈൽ പതിച്ചതിനെ തുടർന്ന് പരിക്കേറ്റവരെ ഇസ്രായേൽ സൈനികർ ഒഴിപ്പിക്കുന്നു

ജറൂസലം: നേതാക്കൾ യുദ്ധപ്രഖ്യാപനം നടത്തുകയും ഇരുരാജ്യങ്ങളിലും മിസൈലുകളും ഡ്രോണുകളും ഇരച്ചെത്തുകയും ചെയ്തതോടെ ലബനാനും പശ്ചിമേഷ്യയും മുൾമുനയിൽ. മൊബൈൽ ഫോണുകൾക്ക് പകരം ഹിസ്ബുല്ല അണികൾ വാർത്തവിനിമയത്തിന് ഉപയോഗിച്ച പേജറുകളും വാക്കി ടോക്കികളും രണ്ടുദിവസത്തിനിടെ കൂട്ടമായി പൊട്ടിത്തെറിച്ച് നിരവധി പേർ മരിക്കുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തതാണ് പുതിയ പ്രകോപനം.

തായ്‍വാൻ കമ്പനിയുടെ പേരിലാണെങ്കിലും ഇവ നിർമിച്ചത് എവിടെയാണെന്നു പോലും തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തില്ലെങ്കിലും മറ്റാരുമാകാൻ സാധ്യതയില്ലെന്നുറപ്പാണ്. അതോടെയാണ് ഇസ്രായേലിനെതിരെ ഹിസ്ബുല്ല നേതാവ് യുദ്ധപ്രഖ്യാപനം നടത്തിയത്.

അരലക്ഷത്തിലേറെ ഇസ്രായേലികൾ നേരത്തെ നാടുവിട്ട വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. രണ്ടുപേർ കൊല്ലപ്പെട്ട ആക്രമണങ്ങളിൽ ഒമ്പതു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഗസ്സ വംശഹത്യ ആരംഭിച്ചതിനു പിന്നാലെ ലബനാനിൽനിന്ന് ഹിസ്ബുല്ലയും തിരിച്ച് ഇസ്രായേലും ആക്രമണം തുടരുന്നുണ്ട്. ലബനാനിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുല്ല കമാൻഡർ ഫുആദ് ശുക്ർ ഉൾപ്പെടെ പ്രമുഖരും കൊല്ലപ്പെട്ടവരിൽ പെടും. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തി മറ്റു സംവിധാനങ്ങളിലേക്ക് മാറാൻ ഹസൻ നസ്റുല്ലയാണ് മാസങ്ങൾക്ക് മുമ്പ് അണികൾക്ക് നിർദേശം നൽകിയത്.

5,000 പേജറുകൾ ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്തു. ഇവയാണ് കൂട്ടമായി ദുരന്തം വിതച്ചത്. തിരിച്ചടി സ്വാഭാവികമായും ഹിസ്ബുല്ലക്ക് നിർബന്ധമാണെങ്കിലും ഗസ്സയിലെ കുരുതി ലബനാൻ വഴി വെളുപ്പിച്ചെടുക്കാൻ ഇസ്രായേലിന് അവസരമൊരുക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ ടെഹ്റാനിൽ കൊല്ലപ്പെട്ടതിന് ഇതുവരെയും നേരിട്ട് പ്രതികാരം ചെയ്യാത്ത ഇറാൻ ഇതിന്റെ പേരിൽ ഹിസ്ബുല്ല യുദ്ധമുഖത്തിറങ്ങണമെന്ന് താൽപര്യപ്പെടാൻ സാധ്യതയില്ലെന്നുറപ്പാണ്. ആശയവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർക്കപ്പെട്ടത് ഹിസ്ബുല്ലയെയും പ്രതിരോധത്തിലാക്കും. ഇവയത്രയും മുന്നിൽനിൽക്കെ എത്രകണ്ട് ആക്രമണം ശക്തിയാർജിക്കുമെന്നാണ് ഉറ്റുനോക്കാനുള്ളത്.

ഹിസ്ബുല്ലയടക്കം മറുചേരിയിലുള്ളവരുടെ ആശയവിനിമയ സംവിധാനങ്ങളടക്കം ചോർത്തിയെടുക്കുന്നതിൽ ഇസ്രായേൽ വിജയം വരിച്ചിട്ടുണ്ടെങ്കിലും ഒരു വർഷത്തോളമായി തുടരുന്ന യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ബന്ദി മോചനമടക്കം വിഷയങ്ങൾ പ്രതിസന്ധിയായി തുടരുകയാണ്. എന്നല്ല, വടക്കൻ ഇസ്രായേലിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരെ ഉടൻ തിരിച്ചെത്തിക്കലും പ്രായോഗികമല്ല.

സമാനമായി, ഗസ്സയെ ചാമ്പലാക്കൽ ഏകദേശം പൂർത്തിയായെങ്കിലും അവിടെ യുദ്ധാനന്തരം എന്തെന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിലെത്താനായിട്ടില്ല. ഗസ്സയിൽ പലയിടത്തും ഒരിക്കൽ കരസേനയിറങ്ങി പ്രദേശങ്ങൾ പിടിക്കുന്നുവെങ്കിലും അവർ തിരിച്ചുപോകുന്നതോടെ വീണ്ടും ഹമാസ് തിരിച്ചുപിടിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലബനാനിലും സമാനമായി വൻനാശം വിതക്കാനാകുമെന്നതിലുപരി വല്ലതും നേടാനാകുമോയെന്നാണ് അറിയാനുള്ളത്.

പേജറുകളും വോകി ടോകികളും വിമാനങ്ങളിൽ കൊണ്ടുപോകുന്നത് വിലക്കി ലബനാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഉത്തരവ് പുറത്തിറക്കി. പൊട്ടിത്തെറി സാധ്യത സംശയിക്കുന്ന പേജറുകൾ ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങൾ പരിശോധിക്കാനും നശിപ്പിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ലബനാൻ സൈന്യം ‘എക്സി’ൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HezbollahHassan NasrallahLebanonIsrael attack
News Summary - Disruption of communication systems will also put Hezbollah on the defensive
Next Story