ഇന്ത്യയിലെ അക്രമങ്ങളും ഭിന്നിപ്പിക്കുന്ന നയങ്ങളും ആശങ്കയുണ്ടാക്കുന്നു -യൂറോപ്യൻ പാർലമെന്റ് പ്രമേയം
text_fieldsസ്ട്രാസ്ബർഗ് (ഫ്രാൻസ്): ഇന്ത്യയിലെ അക്രമ പ്രവർത്തനങ്ങളിലും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയങ്ങളിലും വർധിച്ചുവരുന്ന ദേശീയതാ വാദങ്ങളിലും ആശങ്ക പ്രകടിപ്പിക്കുന്ന പ്രമേയം യൂറോപ്യൻ പാർലമെന്റ് ബുധനാഴ്ച അംഗീകരിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് അംഗീകരിക്കപ്പെട്ട പ്രമേയം രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രത്തിനും വിവേചനത്തിലേക്ക് ശ്രദ്ധ തേടുന്നതാണ്.
മണിപ്പൂരിലേതുൾപ്പെടെ സാമൂഹിക സംഘർഷങ്ങൾ പരിഹരിക്കുന്നതിന് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടാൻ യൂറോപ്യൻ കൗൺസിലിനോടും യൂറോപ്യൻ കമ്മീഷനോടും പ്രമേയം നിർദേശിച്ചു. മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും സംബന്ധിച്ച് ജമ്മു കശ്മീരിലെ ആശങ്കാജനകമായ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിൽ നല്ല അയൽപക്ക ബന്ധം ശക്തമാക്കാനും അനുരഞ്ജനത്തിനും യൂറോപ്യൻ കൗൺസിലും യൂറോപ്യൻ കമ്മീഷനും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തെ അപകടകരമായ വിഭജനം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്ന മറ്റ് നിയമനിർമ്മാണങ്ങളും ഗൗരവതരമായ വിഷയങ്ങളാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യാവകാശ - പരിസ്ഥിതി പ്രവർത്തകർ, ദലിത് അവകാശ സംരക്ഷക പ്രവർത്തകർ, രാഷ്ട്രീയ കക്ഷികൾ, ട്രേഡ് യൂനിയൻ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾക്ക് സുരക്ഷിതവും ജനാധിപത്യപരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ യൂറോപ്യൻ കൗൺസിലും യൂറോപ്യൻ കമ്മീഷനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.