ആശുപത്രി ജീവനക്കാരുടെ റൂമിൽ ഒളികാമറ: ഡോക്ടർ പിടിയിൽ
text_fieldsജെഫേഴ്സൺ: ആശുപത്രി ജീവനക്കാരുടെ വിശ്രമമുറിയിലെ ബാത്ത്റൂമിനുള്ളിൽ ഒളികാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച കേസിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫേഴ്സണിലെ ഡോ. ആൻഡ്രൂ മാത്യൂസ് (31) ആണ് പിടിയിലായത്. ഓൾഡ് ജെഫേഴ്സണിലെ ഓഷ്നർ മെഡിക്കൽ സെന്ററിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരൻ ബുധനാഴ്ച രാവിലെ വിശ്രമമുറി ഉപയോഗിക്കുന്നതിനിടെയാണ് കാമറ കണ്ടെത്തിയതെന്ന് ക്യാപ്റ്റൻ ജേസൺ റിവാർഡ് പറഞ്ഞു. ഇയാൾ ചുരുങ്ങിയത് 10 പേരുടെ നഗ്ന വിഡിയോ റെക്കോഡ് ചെയ്തതായാണ് സൂചന. പ്രതി സഹപ്രവർത്തകരുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായെന്ന് വ്യക്തമായിട്ടില്ല. ആൻഡ്രൂ മാത്യൂസിനെ ജാമ്യമില്ലാ കുറ്റം ചുമത്തി ഗ്രെറ്റ്‌നയിലെ ജെഫേഴ്‌സൺ പാരിഷ് കറക്ഷണൽ സെന്ററിലേക്ക് മാറ്റി.
"ജെഫേഴ്സൺ ഹൈവേ കാമ്പസിലെ ജീവനക്കാരുടെ വിശ്രമമുറിയിൽ റെക്കോർഡിങ് ഉപകരണം സ്ഥാപിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാളെ സർവിസിൽനിന്ന് പിരിച്ചുവിട്ടിരിക്കുന്നു’ -ഓഷ്നർ റീജനൽ മെഡിക്കൽ ഡയറക്ടർ ജോർജ്ജ് ലോസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ആശുപത്രി കാമ്പസിലെ എല്ലാ ബാത്ത്റൂമുകളും സ്റ്റാഫുകളുടെയും രോഗികളുടെയും വിശ്രമമുറികളും ഉൾപ്പെടെ എല്ലായിടത്തും സമഗ്രമായ പരിശോധന നടത്തി. വേറെ എവിടെ നിന്നും ഇത്തരത്തിൽ ഉപകരണങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് ജോർജ്ജ് ലോസ് പ്രസ്താവനയിൽ പറഞ്ഞു. ‘രോഗികളുടെയും സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് ഏറ്റവും ഉയർന്ന മുൻഗണന. സ്വകാര്യത ലംഘിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളോ ആശുപത്രിയിൽ വെച്ചുപൊറുപ്പിക്കില്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.