ഗസ്സയിലേത് വംശഹത്യതന്നെ -ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് റിപ്പോർട്ട്
text_fieldsഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനംതന്നെയെന്ന് അടിവരയിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് -എം.എസ്.എഫ്) റിപ്പോർട്ട്. സംഘടനക്ക് വേണ്ടി ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഇസ്രായേൽ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാർ സാക്ഷിയാണ്. വടക്കൻ ഗസ്സയിൽനിന്ന് ബോധപൂർവം ആളുകളെ പുറന്തള്ളി. തിരിച്ചുവരാൻ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വെടിനിർത്തൽ ചർച്ചക്കിടെ ഗസ്സയിൽ ആക്രമണം കടുപ്പിച്ചു
ഗസ്സ: വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. 24 മണിക്കൂറിനിടെ 77 ഫലസ്തീനികൾ കൊല്ലപ്പെടുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 45,206 ആയി. 1,07,512 പേർക്ക് പരിക്കേറ്റു. ചർച്ചയിൽ ഹമാസിനെ സമ്മർദത്തിലാക്കാനാണ് ആക്രമണം പതിവിലേറെ കടുപ്പിച്ചതെന്നാണ് വിലയിരുത്തൽ. ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, അതിശൈത്യം ഗസ്സയുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. വീട് തകർക്കപ്പെട്ട് ലക്ഷങ്ങളാണ് അതിദയനീയ സാഹചര്യത്തിൽ തമ്പുകളിൽ പട്ടിണിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഖാൻ യൂനുസിലെ അൽ മവാസി ക്യാമ്പിലെ തമ്പിൽ നവജാത ശിശു കൊടുംതണുപ്പ് കാരണം മരിച്ചു. അതിനിടെ ഫലസ്തീനി അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്ക് നൽകിവരുന്ന ധനസഹായം നിർത്തുന്നതായി സ്വീഡൻ പ്രഖ്യാപിച്ചു.
മാർപ്പാപ്പക്കെതിരെ ഇസ്രായേൽ മന്ത്രി
തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണോ എന്ന് അന്താരാഷ്ട്ര സമൂഹം പഠിക്കണമെന്ന പോപ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണത്തിനെതിരെ ഇസ്രായേൽ സാമൂഹികകാര്യ മന്ത്രി അമിചായ് ചിക്ലി രംഗത്തെത്തി. ഇറ്റാലിയൻ പത്രം ഫോഗ്ലിയോയിൽ എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. വംശഹത്യ ആരോപണം സംബന്ധിച്ച നിലപാടിൽ മാർപാപ്പ വ്യക്തത വരുത്തണമെന്നും ജൂതസമൂഹം അനുഭവിച്ച ദുരിതങ്ങളെ നിസ്സാരവത്കരിക്കരുതെന്നും ചിക്ലി പറഞ്ഞു. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് പോപ് വംശഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.