ഫസ്റ്റ് ക്ലാസിൽ നിന്ന് ഇക്കോണമി ക്ലാസിലേക്ക് മാറ്റിയതിനെ തുടർന്ന് നായ ചത്തു: അലാസ്ക എയർലൈൻസിനെതിരെ കേസ്
text_fieldsന്യൂയോർക്: തന്റെ ഓമനയായ വളർത്തു മൃഗം വിമാനത്തിൽ ചത്തതിനെ തുടർന്ന് അലാസ്ക എയർലൈൻസിനെതിരെ കേസ് നൽകി ഉടമ.
ഫസ്റ്റ് ക്ലാസിൽ നിന്ന് ഇക്കോണമി ക്ലാസിലേക്ക് മാറ്റിയതിനെ തുടർന്നാണ് നായ ചത്തതെന്ന് പരാതിയിൽ പറയുന്നു. ന്യൂയോർക്കിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള അലാസ്‌ക എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവേ ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപെട്ട ‘ആഷ്’ എന്ന തന്റെ വളർത്തുനായയുടെ ജീവൻ നഷ്ടപ്പെട്ടതായാണ് ഉടമയുടെ ആരോപണം.
സാൻ ഫ്രാൻസിസ്കോ സ്വദേശിയായ മൈക്കൽ കോണ്ടില്ലോ എന്ന യുവാവാണ് ജീവനക്കാരുടെ അനാസ്ഥ മൂലമാണ് തന്റെ നായ ചത്തതെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു വന്നത്. വിമാനം പുറപ്പെടുന്നതിനു മുമ്പ് ഫസ്റ്റ് ക്ലാസിൽ നിന്ന് ഇക്കോണമി ക്ലാസിലേക്ക് ‘ആഷി’നെ മാറ്റിയിരുന്നു.
വളർത്തു മൃഗത്തിന് മതിയായ സ്ഥലവും സൗകര്യവും ഉറപ്പാക്കാനാണ് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വാങ്ങിയത്. എന്നാൽ സ്ഥലം മാറ്റിയതിനെ തുടർന്ന് നായ അസ്വസ്ഥത പ്രകടിപ്പിച്ചതായി യുവാവ് ആരോപിച്ചു.
തനിക്ക് നായയെ ശ്രദ്ധിക്കാൻ കഴിയാത്തതിനു കാരണം വിമാന ജീവനക്കാർ സുരക്ഷ കാരണം പറഞ്ഞ് നായയെ തന്റെ അടുത്തുനിന്നും മാറ്റിയതു കൊണ്ടാണ്. വിമാനം സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് ‘ആഷി’നെ ചത്ത നിലയിൽ കണ്ടെത്തിയത്. മൃഗ ഡോക്ടർ നായ പറക്കാൻ ‘യോഗ്യനാണെ’ന്ന് സാക്ഷ്യപ്പെടുത്തിയതായും യുവാവ് പരാതിയിൽ പറഞ്ഞു.
അശ്രദ്ധ, കരാർ ലംഘനം, അപര്യാപ്തമായ സ്റ്റാഫ് പരിശീലനം എന്നിവ ഉൾപ്പെടെ വിമാന കമ്പനിക്കെതിരെ നിരവധി ആരോപണങ്ങൾ പരാതിയിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.