മൊഹുൽ ചോക്സിക്ക് ജാമ്യമില്ല; ഡൊമിനിക്കൻ ജയിലിൽ തുടരും
text_fieldsറോസോ: ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ മൊഹുൽ ചോക്സിക്ക് ഡൊമിനിക്ക ഹൈകോടതി ജാമ്യം നിഷേധിച്ചു. മൊഹുൽ ചോക്സിക്ക് ശാരീരിക അവശതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, ഡൊമിനിക്കയിൽനിന്ന് ചോക്സി കടന്നുകളയാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
ആന്‍റിഗ്വയിൽനിന്ന് തന്നെ ബലമായി ഡൊമിനിക്കയിലേക്ക് കൊണ്ടുവരികയായിരുന്നു. ശാരീരിക അവശതകളുള്ളതിനാൽ ജാമ്യം അനുവദിക്കണം. ജാമ്യം അനുവദിച്ചാലും നിയമനടപടികൾ തീരുംവരെ ഡൊമിനിക്കയിൽ തുടരുമെന്നും മൊഹുൽ ചോക്സിയുടെ അഭിഭാഷകൻ കോടതിൽ സമർപ്പിച്ച ജാമ്യഹരജിയിൽ പറഞ്ഞിരുന്നു.
മൊഹുൽ ചോക്സി ജാമ്യത്തിലിറങ്ങി നാടുവിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിനെതിരെ ഇന്റർേപാൾ റെഡ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ലെനോക്സ് ലോറൻസ് പറഞ്ഞു.
അദ്ദേഹത്തിന്‍റെ ആരോഗ്യപ്രശ്നങ്ങൾ ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും മതിയായ വൈദ്യസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽനിന്ന് നാടുവിട്ടുവന്ന വ്യക്തിയാണ് ചോക്സി. അവിടെനിന്ന് ആന്‍റ്വിഗയിലെത്തിയ വ്യക്തിക്ക് എവിടെവേണമെങ്കിലും സഞ്ചരിക്കാം. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിക്കാത്തത് മൊഹുൽ ചോക്സിക്ക് വൻ തിരിച്ചടിയാകും.
റോസോ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മൊഹുൽ ചോക്സി ഹൈകോടതിയെ സമീപിച്ചത്. അനധികൃതമായി ദ്വീപിലേക്ക് കടന്നതായാണ് ചോക്സിക്കെതിരായ ആരോപണം. തുടർന്ന് ഡൊമിനിക്കൻ സർക്കാർ േചാക്സിയെ രാജ്യത്ത് 'നിരോധിത കുടിയേറ്റക്കാര'നായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യ വിട്ട മൊഹുൽ ചോക്സി 2018 മുതൽ ആന്‍റിഗ്വയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. മേയ് 23ന് അദ്ദേഹത്തെ അവിടെനിന്ന് കാണാതായി. അവിടെനിന്ന് ചോക്സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുവരിക ആയിരുന്നുവെന്നാണ് അഭിഭാഷകൻ വാദിച്ചത്.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി രൂപ തട്ടിയാണ് മെഹുൽ ചോക്സിയും നീരവ് മോദിയും ഇന്ത്യ വിട്ടത്. ഇരുവരും നിലവിൽ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്. കൂടാതെ ചോക്സി ആന്‍റിഗ്വയിലും ബാർബുഡയിലും രണ്ടു കേസുകൾ നേരിടുന്നുണ്ട്. ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശ്രമിച്ചിരുന്നു. ഇന്ത്യയിലേക്ക് ചോക്സിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹരജി ഡൊമിനിക്കൻ കോടതി തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.