സ്വന്തം സോഷ്യൽനെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി ട്രംപ്; ട്രൂത്ത് സോഷ്യൽ എന്ന് പേര്
text_fieldsവാഷിങ്ടൺ: സ്വന്തം സോഷ്യൽനെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്ററും, ഫേസ്ബുക്കും വിലക്ക് ഒഴിവാക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ നടപടി. ട്രൂത്ത് സോഷ്യൽ എന്നായിരിക്കും ട്രംപ് തുടങ്ങുന്ന പുതിയ സമൂഹമാധ്യമത്തിന്‍റെ പേര്.
ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പായിരിക്കും ട്രൂത്ത് സോഷ്യലിന്‍റെ ഉടമസ്ഥർ. അടുത്തമാസത്തോടെ ഇതിന്‍റെ ബീറ്റ പതിപ്പ് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്‍റെ ആപ് സ്റ്റോറിൽ ട്രൂത്ത് സോഷ്യലിന്‍റെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്.ഇതിനൊപ്പം വിഡിയോ ഓൺ ഡിമാൻഡ് സർവീസിനും ടി.എം.ടി.ജി തുടക്കം കുറിക്കും. നോൺ വോക്ക് എന്ന പേരിൽ വിനോദപരിപാടിയും ആരംഭിക്കും. സ്കോട്ട് സെന്‍റ് ജോൺസനായിരിക്കും പരിപാടിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
വൻകിട ടെക് കമ്പനികൾക്ക് ബദലായാണ് ട്രൂത്ത് സോഷ്യലിന് തുടക്കം കുറിക്കുന്നതെന്നും ട്രംപ് പറഞ്ഞു. താലിബാന് വലിയ സ്വാധീനുമുള്ള ട്വിറ്ററാണ് ഇപ്പോഴുള്ളത്. എന്നാൽ, ഇതുസംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. കാപ്പിറ്റോൾ ബിൽഡിങ്ങിലൂണ്ടായ സംഘർഷത്തെ തുടർന്നാണ് ട്രംപിനെ വിവിധ സമൂഹമാധ്യമങ്ങളിൽ നിന്നും വിലക്കിയത്. തുടർന്ന് സ്വന്തം സോഷ്യൽ മീഡിയ ആപുകളുമായി രംഗത്തെത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.