വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ ട്രംപിന് വൻ തുക പിഴയും വിലക്കും
text_fieldsന്യൂയോര്‍ക്ക്: അധികവായ്പ ലഭിക്കാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ യു.എസ്. മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വൻ തുക പിഴ ശിക്ഷയും വിലക്കും. 355 മില്യൺ ഡോളര്‍ പിഴയാണ് മൻഹാട്ടൻ കോടതി ചുമത്തിയത്.
കൂടാതെ, ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ട്രംപിനെ കോടതി വിലക്കുകയും ചെയ്തു. ഇതോടൊപ്പം ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾ അപേക്ഷിക്കുന്നതിലും വിലക്കുണ്ട്.
മൂന്നുമാസം നീണ്ട വിചാരണക്ക് ശേഷമാണ് ജഡ്ജി ആർതർ എങ്കറോൺ വിധി പുറപ്പെടുവിച്ചത്. സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ചെന്നാണ് ട്രംപിനെതിരായ കുറ്റം.
ന്യൂയോര്‍ക്ക് കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു.
അതേസമയം, നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകി എന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നൽകി ഹരജി ഇന്നലെ ന്യൂയോർക്ക് കോടതി തള്ളി. ഈ കേസിൽ മാര്‍ച്ച് 25ന് വിചാരണ ആരംഭിക്കും.
സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തു വരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി. രേഖകളില്‍ കൃത്രിമം കാണിച്ചെന്നുൾപ്പെടെയുള്ള വകുപ്പുകളും വഞ്ചന കുറ്റങ്ങളും ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ലോവർ മാൻഹാട്ടൻ ഫെഡറൽ കോടതിയിലെത്തി അറസ്റ്റ് വരിച്ചിരുന്നു. യു.എസിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതും അറസ്റ്റിലാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.