കമല ഹാരിസിന് മാനസിക പ്രശ്നം; വീണ്ടും അധിക്ഷേപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ വ്യക്തിപരമായ അധിക്ഷേപം ആവർത്തിച്ച് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. വിസ്കോസിനിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പരാമർശം. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് കമലയെന്നായിരുന്നു ട്രംപിന്റെ പരാമർശം.
കമല ഹാരിസ് മെക്സിക്കൻ അതിർത്തിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശമുണ്ടായത്. അതിർത്തി കടന്നെത്തുന്നവർ യു.എസിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നുണ്ടെന്നും ട്രംപ് പരിപാടിയിൽ പറഞ്ഞു. കുടിയേറ്റ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുക, നിയമവിരുദ്ധരെ നാടുകടത്തുക എന്നീ ബാനറുകളുമായിട്ടാണ് ട്രംപിന്റെ പരിപാടിക്കായി ആളുകളെത്തിയത്.
നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസുമായി കടുത്ത പോരാട്ടമാണ് ട്രംപ് നേരിടുന്നത്. ഇതിനിടെ നിരവധി തവണ കമല ഹാരിസിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അതേസമയം, ട്രംപിനെതിരെ വിമർശനവുമായി കമലഹാരിസിന്റെ പ്രചാരണവിഭാഗം രംഗത്തെത്തി.
അമേരിക്കൻ ജനതയെ പ്രചോദിപ്പിക്കുന്ന ഒന്നും നൽകാൻ ട്രംപിന് കഴിയുന്നില്ലെന്നും യു.എസിനെ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ് ട്രംപ് ചെയ്യുന്നതെന്നും കമല ഹാരിസിന്റെ പ്രചാരണവിഭാഗം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.