വംശീയതക്കെതിരെ പ്രതിഷേധിച്ചവർ കൊള്ളക്കാരെന്ന് ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ വംശീയതക്കെതിരെ പ്രതിഷേധിച്ചവർ അക്രമികളും കൊള്ളക്കാരുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമാധാനപരമായ പ്രതിഷേധമല്ല അവർ ലക്ഷ്യമിട്ടതെന്നും ട്രംപ് വ്യക്തമാക്കി. കറുത്തവർഗക്കാരൻ ജേക്കബ് ബ്ലേക്കിന് നേരെ പൊലീസ് വെടിവെച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ വിവാദ പ്രസ്താവന.
ഡെമോക്രാറ്റ് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനെ കഴിഞ്ഞ ദിവസം കടന്നാക്രമിച്ചതിന് പിന്നാലെ ഇന്ത്യൻ വംശജയും വൈസ് പ്രസിഡൻറ് സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരെയും രൂക്ഷവിമർശനമായി ട്രംപ് രംഗത്തെത്തി. രാജ്യത്ത് വനിത പ്രസിഡന്‍റ് വരുന്നതിനെ അനുകൂലിക്കുന്നുവെന്നും എന്നാൽ, തന്റെ മകൾ ഇവാൻകയാണ്, കമല ഹാരിസല്ല ആദ്യ പ്രസിഡന്റാകാൻ നല്ലതെന്നും ട്രംപ് പറഞ്ഞു.
കമല പദവിക്ക് കൊള്ളാത്തവളാണെന്നും നേരത്തെ പ്രസിഡന്‍റ് പദവി തേടി മത്സരിച്ച് പരാജയപ്പെട്ടവളാണെന്നും ന്യൂ ഹാംപ്ഷയറിലെ തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞു.
കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ മൂന്നു മക്കൾ മുമ്പിൽവെച്ചാണ് കറുത്ത വർഗക്കാരനായ ജേക്കബ് ബ്ലാക്കിന് നേരെ പൊലീസുകാരൻ വെടിയുതിർത്തത്. ഇതാണ് വലിയ പ്രതിഷേധത്തിൽ കലാശിച്ചത്. ഗുരുതര പരിക്കേറ്റ ജേക്കബ് ബ്ലാക്കിനെ ഹെലികോപ്റ്റർ മാർഗം മിൽവോക്കി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.
കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ കാലമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം അമേരിക്കയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.