ട്രംപ് അഴിക്കുള്ളിലാകുമോ?
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാത്തിരിക്കുന്ന ശിക്ഷാവിധിയെന്ത്? അശ്ലീല താരത്തിന് പണം നൽകിയ സംഭവം മറച്ചുവെക്കാൻ രേഖകൾ തിരുത്തിയതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ട്രംപ് ജയിലിലാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ, ജയിൽശിക്ഷ വിധിക്കാനും വിധിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അമേരിക്കയിലെ നിയമവിദഗ്ധർ.
ട്രംപിനെതിരെയുള്ള 34 കുറ്റങ്ങളും ന്യൂയോർക് സംസ്ഥാനത്തെ ഇ ക്ലാസ് കുറ്റങ്ങളുടെ പരിധിയിൽ വരുന്ന തീരെ താഴ്ന്ന നിലയിലുള്ളതാണ്. ഓരോ കുറ്റത്തിനും പരമാവധി നാലുവർഷം വരെയാകും തടവ് ലഭിക്കുക. ട്രംപിന്റെ പ്രായവും നേരത്തെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നതും ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഡ്ജിക്ക് കുറഞ്ഞ ശിക്ഷ വിധിക്കാനും കഴിയും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മത്സരിക്കാൻ കഴിയുമെന്നിരിക്കെ, അദ്ദേഹത്തിന് വോട്ട് ചെയ്യാനാകുമോയെന്നതും ചോദ്യചിഹ്നമാണ്. ക്രിമിനൽ റെക്കോഡ്സുള്ളയാളെ സ്ഥാനാർഥിയാകുന്നതിൽനിന്ന് വിലക്കാൻ കഴിയില്ല. ട്രംപ് താമസിക്കുന്ന േഫ്ലാറിഡ സംസ്ഥാനത്തെ നിയമപ്രകാരം, മറ്റൊരു സംസ്ഥാനത്ത് കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ഒരാൾ വോട്ടുചെയ്യാൻ യോഗ്യനല്ല.
ന്യൂയോർക്കിലാണ് ട്രംപ് വിചാരണ നേരിടുന്നത്. ന്യൂയോർക്കിലാണെങ്കിൽ ശിക്ഷിക്കപ്പെട്ടശേഷവും ട്രംപിന് വോട്ടുചെയ്യാൻ സാധിക്കും. ന്യൂയോർക് നിയമപ്രകാരം കുറ്റവാളികൾക്ക് തടവിൽ കഴിയുമ്പോൾ മാത്രമേ വോട്ടുചെയ്യാനുള്ള അവകാശം ഇല്ലാതാകൂ. ജയിലിനു പുറത്തോ പരോളിലോ ആണെങ്കിൽ വോട്ടവകാശം പുന:സ്ഥാപിക്കപ്പെടും. േഫ്ലാറിഡയിൽ ഇങ്ങനെ കഴിയില്ല. ന്യൂയോർക്കുകാരനായിരുന്ന ട്രംപ്, പ്രസിഡന്റായിരിക്കെ 2019ലാണ് ഫ്ലോറിഡയിലെ സ്ഥിരതാമസക്കാരനായത്.
ട്രംപിന്റെ സുരക്ഷ ഉപദേഷ്ടാവ്: നിഷേധിച്ച് ഇലോൺ മസ്‍ക്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായാൽ തന്നെ വൈറ്റ്ഹൗസ് സുരക്ഷ ഉപദേഷ്ടാവാക്കുമെന്ന രീതിയിൽ പ്രചരിച്ച റിപ്പോർട്ടുകൾ ശതകോടീശ്വരനും ടെസ്‍ല സ്ഥാപകനും എക്സ് ഉടമയുമായ ഇലോൺ മസ്ക് തള്ളി. വൈറ്റ്ഹൗസ് ഉപദേഷ്ടാവാക്കുന്നത് സംബന്ധിച്ച് ട്രംപും മസ്കും തമ്മിൽ ചർച്ച നടത്തിയതായും പ്രചാരണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.