അഫ്ഗാൻ പ്രതിസന്ധിക്ക് കാരണം ബൈഡൻ, രാജിവെക്കണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ദിവസങ്ങൾക്കിടെ പൂർണമായി താലിബാൻ പിടിച്ച അഫ്ഗാനിസ്താനിലെ പ്രതിസന്ധിക്ക് കാരണക്കാരൻ പുതിയ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണെന്നും അടിയന്തരമായി രാജിവെക്കണമെന്നും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 'അഫ്ഗാനിൽ സംഭവിക്കാനിടയായ നാണക്കേടിന് ജോ ബൈഡൻ രാജിവെക്കണം''- ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
20 വർഷം നീണ്ട അധിനിവേശമവസാനിപ്പിച്ച് യു.എസ് സൈന്യം അഫ്ഗാൻ മണ്ണിൽനിന്ന് മടക്കം പൂർത്തിയാക്കി വരുന്നതിനിടെയാണ് രാജ്യത്തിന്‍റെ നിയന്ത്രണം താലിബാൻ പൂർണമായി വരുതിയിലാക്കിയത്. പ്രസിഡന്‍റ് അശ്റഫ് ഗനിയും മുതിർന്ന ഭരണപ്രതിനിധികളും രാജ്യം വിട്ടിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം ഞായറാഴ്ചയോടെയാണ് അഫ്ഗാൻ ഭരണം വീണ്ടും താലിബാനു ലഭിക്കുന്നത്. യു.എസ് സേനയുടെ മടക്കം ആഗസ്റ്റ് അവസാനം പൂർത്തിയാകാനിരിക്കെയായിരുന്നു അതിവേഗ നീക്കം.
കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ചർച്ചയിൽ കഴിഞ്ഞ മേയ് മാസത്തോടെ പൂർണമായി അഫ്ഗാൻ വിടുമെന്ന് തീരുമാനിച്ചിരുന്നു. അതാണ് മാസങ്ങൾ കഴിഞ്ഞ് പൂർത്തിയാകുന്നത്. അഫ്ഗാൻ ദൗത്യവുമായി ബന്ധപ്പെട്ട് ട്രംപ് നേരത്തെയും ബൈഡനെതിരെ ശക്തമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.