റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ തട്ടിപ്പും വഞ്ചനയും നടത്തി; ട്രംപ് കുറ്റക്കാരനെന്ന് കോടതി
text_fieldsവാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വീണ്ടും കുരുക്ക്. റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കാനായി വർഷങ്ങൾ നീണ്ട തട്ടിപ്പും വഞ്ചനയും ട്രംപ് നടത്തിയതായി ന്യൂയോർക്ക് ജഡ്ജി. തനിക്കെതിരെയുള്ള കേസ് അസാധുവാക്കണമെന്ന മുൻ പ്രസിഡന്റിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് ട്രംപ് കുറ്റക്കാരനാണെന്ന് ജഡ്ജി വിധിച്ചത്. ട്രംപും അദ്ദേഹത്തിന്റെ മക്കളായ എറിക്, ഡൊണാൾഡ് ജൂനിയർ എന്നിവരുൾപ്പെടെയുള്ള കമ്പനി ജീവനക്കാർ ബാങ്കുകളെയും ഇൻഷുറർമാരെയും പതിവായി വഞ്ചിച്ചതായി ജഡ്ജി ആർതർ എൻറോൺ കണ്ടെത്തി. ട്രംപും ട്രംപ് ഓർഗനൈസേഷനും ആസ്തി മൂല്യങ്ങളെ കുറിച്ച് ഒരു ദശാബ്ദക്കാലം കള്ളം പറഞ്ഞുവെന്ന കേസിൽ ന്യൂയോർക്കിലെ അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച വിചാരണക്കിടെയാണ് ജഡ്ജിയുടെ വിധി.
ബാങ്കുകൾക്കും ഇൻഷൂറർമാർക്കും നൽകുന്ന വാർഷിക സാമ്പത്തിക വരുമാനം സൂചിപ്പിക്കുന്ന പ്രസ്താവനകളിൽ ട്രംപ് തന്റെ ആസ്തിളെ കുറിച്ച് തെറ്റായാണ് രേഖപ്പെടുത്തിയത്. ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റ്, മാൻഹട്ടനിലെ ട്രംപ് ടവറിലെ പെന്റ്‌ഹൗസ് അപ്പാർട്ട്‌മെന്റ്, വിവിധ ഓഫീസ് കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചും വ്യാജ വിവരങ്ങളാണ് ട്രമ്പ് നൽകിയതെന്നും 2022 സെപ്റ്റംബറിൽ ഇതുസംബന്ധിച്ച് കേസ് ഫയൽ ചെയ്തതായും ലെറ്റിഷ്യ പറഞ്ഞു.
അതേസമയം, കോടതി വിധിയിൽ അടിസ്ഥാനപരമായ പിഴവുകൾ ഉണ്ടെന്നാണ് ട്രംപിന്റെ ജനറൽ കൗൺസൽ അലീന ഹബ്ബ പ്രസ്താവനയിൽ പ്രതികരിച്ചത്. ട്രംപ് ഓർഗനൈസേഷനെ 'ഒരു അമേരിക്കൻ വിജയഗാഥ' എന്നാണ് അവർ വിശേഷിപ്പിച്ചത്. ട്രംപിന്റെ പ്രവൃത്തികൾ പൊതുജനങ്ങളെ ദ്രോഹിച്ചതിന് തെളിവുകളില്ലാത്തതിനാൽ, കേസ് ഫയൽ ചെയ്യാൻ ലെറ്റിഷ്യ ജെയിംസിന് അധികാരമില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, കോടതി വിധിയിൽ അനാവശ്യമായ തടസവാദങ്ങൾ നിരന്തരം ഉന്നയിച്ച ട്രംപിന്റെ നിയമ സംഘത്തിലെ അഞ്ച് അഭിഭാഷകർക്കെതിരെ 7500 ഡോളർ വീതം ജഡ്ജി പിഴ ചുമത്തി.
നേരത്തെ, 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയുമായി ബന്ധപ്പെട്ട കാപിറ്റോൾ കലാപക്കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതുകൂടാതെ വിവാഹേതരലൈംഗികബന്ധം മറച്ചുവെക്കാൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് പണം നൽകി, രഹസ്യരേഖകൾ അലക്ഷ്യമായി കൈകാര്യംചെയ്തു, 2020-ലെ തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്തെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ മൂന്നു ക്രിമിനൽക്കേസുകളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.