യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഞ്ച് നിർണായക സ്റ്റേറ്റുകളിൽ ട്രംപിന് മുന്നേറ്റമെന്ന് സർവേഫലം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അഞ്ച് നിർണായക സ്റ്റേറ്റുകളിൽ ഡോണാൾഡ് ട്രംപിന് മുന്നേറ്റമെന്ന് സർവേഫലം. ന്യൂയോർക്ക് ടൈംസ്, ഫിലാഡൽഫിയ ഇൻക്വയറർ, സിയേന കോളജ് എന്നിവർ നടത്തിയ സർവേകളിലാണ് അഞ്ച് സ്റ്റേറ്റുകളിൽ ട്രംപ് മുന്നേറുമെന്ന് പ്രവചിച്ചിരിക്കുന്നത്. പെൻസിൽവാനിയ, അരിസോണ, മിഷിഗൺ, ജോർജിയ, നേവാദ എന്നീ സ്റ്റേറ്റുകളിലായിരിക്കും ട്രംപിന്റെ മുന്നേറ്റം.
പോൺതാരത്തിന്റെ പരാതിയിൽ ഡോണൾഡ് ട്രംപിനെതിരെ നിലവിൽ 34 കുറ്റങ്ങളിൽ വിചാരണ നടക്കുന്നുണ്ട്. ഇതിന് പുറമേ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് 10ഓളം സംസ്ഥാനങ്ങളിൽ ട്രംപിനെതിരെ കേസുണ്ട്. ഇതിന്റെ വിചാരണ നടപടികളും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബൈഡനെതിരെ ട്രംപ് മുന്നേറ്റമുണ്ടാക്കുമെന്ന സർവേഫലങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
ബൈഡന്റെ വിജയത്തെ തുടർന്ന് 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ ഒമ്പത് പേർ മരിച്ചിരുന്നു. കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് കലാപകാരികൾ ഇരച്ചുകയറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 1200 പേർ അറസ്റ്റിലായിരുന്നു. ഇതിൽ പലരും ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
പ്രായാധിക്യം ബൈഡൻ വീണ്ടും പ്രസിഡന്റാകുന്നതിന് വെല്ലുവിളിയാണെന്ന വിലയിരുത്തലുകൾ പുറത്ത് വന്നിട്ടുണ്ട്. ട്രംപിന് ബൈഡനേക്കാൾ നാല് വയസ് കുറവാണ്. ഇതിന് പുറമേ പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണക്കുന്ന കറുത്ത വർഗക്കാരിൽ 20 ശതമാനത്തിന്റെ പിന്തുണ ട്രംപിനുണ്ടെന്ന സർവേഫലവും ബൈഡന് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.