കോവിഡിനെ കുറിച്ച് ഒരുപാട് പഠിച്ചു, യഥാർഥ സ്കൂളിൽ നിന്നു തന്നെ -ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡിനെ കുറിച്ച് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പുസ്തകത്തിൽ നിന്നല്ല, യഥാർഥ സ്കൂളിൽ നിന്നു തന്നെ ഇക്കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും രസകരമായ യാത്രയായിരുന്നു അതെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ട്രംപ് ആശുപത്രി വിടുന്നതിന് മുന്നോടിയായി ട്വീറ്റ് ചെയ്ത വിഡിയോയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
''വളരെ രസകരമായ ഒരു യാത്രയായിരുന്നു ഇത്. കോവിഡ്19 നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ശരിക്കും സ്കൂളിൽ പോയി തന്നെ പഠിച്ചു, ഇതാണ് യഥാർഥ സ്കൂൾ, ഇത് പുസ്തകം വായിക്കുന്ന സ്കൂളല്ല. എനിക്ക് കിട്ടി, ഞാൻ മനസ്സിലാക്കി" - അദ്ദേഹം പറഞ്ഞു.
വാൾട്ടർ റീഡ് ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് തനിക്ക് ലഭിക്കുന്നത്. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ ശരിക്കും വിസ്മയകരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആശുപത്രി വിടുന്നതിന് മുന്നോടിയായി ട്രംപ് വൾട്ടർ റീഡ് നാഷനൽ മിലിട്ടറി ആശുപത്രിക്ക് പുറത്ത് ചെറിയ ഒരു 'റോഡ് ഷോ'യും നടത്തിയിരുന്നു. റോഡിനിരുവശങ്ങളിലുമുള്ള ആളുകൾ 'ട്രംപ് 2020' എന്ന് ആലേഖനം ചെയ്ത കൊടികളുമായി മുദ്രാവാക്യം വിളികളോടെ ട്രംപിെൻറ വാഹന വ്യൂഹത്തിന് അഭിവാദ്യമർപ്പിച്ചു. കാറിനുള്ളിൽ മാസ്ക് ധരിച്ച് ഇരുന്ന ട്രംപ് തന്നെ പിന്തുണക്കുന്നവർക്കു നേരെ കൈവീശിക്കാണിച്ച് മുന്നോട്ടു നീങ്ങി.
ആശുപത്രിക്ക് പുറത്ത് തന്നെ പിന്തുണക്കാനെത്തിയ എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അവർ യു.എസിനെ സ്നേഹിക്കുന്നുവെന്നും നമ്മളെങ്ങനെയാണ് ഈ രാജ്യത്തെ മുമ്പില്ലാത്ത വിധം മഹത്തരമാക്കിയതെന്ന് അവർ നോക്കിക്കാണുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് തവണ ട്രംപിന് രക്തത്തിലെ ഓക്സിജെൻറ അളവ് കുറഞ്ഞിരുന്നു. ട്രംപ് തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും. വൈറ്റ്ഹൗസിൽ ചികിത്സ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.