ഇറാൻ - ഇസ്രായേൽ സംഘർഷം രണ്ട് കുട്ടികൾ സ്കൂൾ മുറ്റത്ത് വഴക്കിടുന്നതു പോലെ -ട്രംപ്
text_fieldsന്യൂയോർക്ക്: ഇറാൻ - ഇസ്രായേൽ സംഘർഷത്തെ സ്കൂൾ മുറ്റത്ത് കുട്ടികൾ വഴക്കിടുന്നതുമായി താരതമ്യം ചെയ്ത് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ സ്ഥിതിഗതികൾ ഗുരുതരമായെന്നും പശ്ചിമേഷ്യയിലെ സാഹചര്യം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനായി യു.എസ് കൂടുതൽ ഇടപെടുമെന്നും റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയായ ട്രംപ് പറഞ്ഞു.
“വളരെ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എന്നാൽ ഇത് അവസാനിപ്പിക്കാൻ അവർ തയാറാകണം. രണ്ട് കുട്ടികൾ സ്കൂൾ മുറ്റത്ത് വഴക്കിടുന്നതു പോലെയാണ് ഇതിനെക്കുറിച്ച് തോന്നുന്നത്. ചിലപ്പോഴെല്ലാം അതിനെ അതിന്‍റെ വഴിക്ക് വിടമം. എന്ത് സംഭവിക്കുമെന്ന് നോക്കാം. എന്നാൽ ഭയാനകമായ യുദ്ധമാണിത്. ഇരുനൂറോളം റോക്കറ്റുകളാണ് ഇസ്രായേലിൽ വെടിവെച്ചിട്ടത്. ഇത് ഒരിക്കലും സംഭവിച്ചുകൂടാ. അതുകൊണ്ട് പശ്ചിമേഷ്യയിൽ യു.എസ് കൂടുതൽ ഇടപെടൽ നടത്തും” -ട്രംപ് പറഞ്ഞു.
ഇറാന്‍റെ മിസൈൽ ആക്രമണത്തിനു പിന്നാലെ പ്രസിഡന്‍റ് ജോ ബൈഡനെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെയും വിമർശിച്ച് ട്രംപ് രംഗത്തുവന്നിരുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്‍റും നിലവിലുണ്ടോ എന്ന് അറിയാത്ത സാഹചര്യമാണ്. താൻ പ്രസിഡന്‍റായിരിക്കെ പശ്ചിമേഷ്യയിൽ യുദ്ധമുണ്ടായിരുന്നില്ല. ഇറാനിൽ അന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ കമല ഹാരിസ് പണമൊഴുക്കി ഇറാനെ സഹായിച്ചു. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ചേർന്ന് യു.എസിനെ മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
അതേസമയം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പരിമിതമായ തോതിൽ മാത്രമാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ പ്രതികരിച്ചു. എന്നാൽ, ഇസ്രായേൽ പ്രത്യാക്രമണം നടത്തിയാൽ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും മേജർ ജനറൽ മുഹമ്മദ് ബാഗരി വ്യക്തമാക്കി. ഇസ്രായേലിന്റെ മിലിറ്ററി ഇൻഫ്രാസ്ടെക്ചർ, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയർബേസ്, ഹാറ്റ്സോർ എയർബേസ്, റഡാർ ഇൻസ്റ്റലേഷനുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.