അവർ യു.എസിന്റെ രക്തത്തിൽ വിഷം കലർത്തുന്നു; അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: നിയമാനുസൃതമായ രേഖകളില്ലാതെ രാജ്യത്തെത്തുന്ന കുടിയേറ്റക്കാരെ കുറിച്ച് യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം വിവാദത്തിൽ. കുടിയേറ്റക്കാർ യു.എസിന്റെ രക്തത്തിൽ വിഷം കലർത്തുന്നു എന്നായിരുന്നു ട്രംപ് പറഞ്ഞത്. ന്യൂ ഹാംഷൈറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. മുമ്പും ഇത്തരം വിഷം വമിക്കുന്ന പരാമർശങ്ങൾ ട്രംപ് നടത്തിയിരുന്നു. യു.എസ്-മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റത്തിന് എതിരെയായിരുന്നു ട്രംപിന്റെ പരാമർശം.
''അവർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുന്നു. തെക്കൻ യു.എസിൽ നിന്നും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും യു.എസിലേക്ക് കുടിയേറ്റക്കാർ എത്തുന്നു. ലോകത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ യു.എസിലേക്ക് ഒഴുകുകയാണ്.''-എന്നാണ് ട്രംപ് പറഞ്ഞത്.
ദ നാഷനൽ പൾസിന് നൽകിയ അഭിമുഖത്തിലും ഇതേ വിഷം കലർന്ന പ്രയോഗം ട്രംപ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. തുടർന്ന് ട്രംപിന്റെ പരാമർശം വംശീയത നിറഞ്ഞതും അധമമാണെന്നും പരക്കെ വിമർശനമുയർന്നു. ട്രംപ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് യേൽ യൂനിവേഴ്സിറ്റി പ്രഫസറും ഫാഷിസത്തിനെതിരായ എഴുത്തുകാരനുമായ ജോനാതൻ സ്റ്റാൻലി വിമർശിച്ചു. ട്രംപിന്റെ വാക്കുകൾ അഡോൾഫ് ഹിറ്റ്ലറുടെ വാക്കുകളുടെ പ്രതിധ്വനിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.