യുദ്ധഭൂമിയിലേക്ക് ആയുധങ്ങൾ അയക്കരുത് -ചൈന
text_fieldsബെയ്ജിങ്: യുദ്ധഭൂമിയിലേക്ക് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയുടെ യുക്രെയ്ൻ പ്രതിനിധി ലി ഹുയി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് സമാധാന ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും യൂറോപ്യൻ സഖ്യരാജ്യങ്ങളും യുക്രെയ്ന് മിസൈലുകളും ടാങ്കുകളും മറ്റ് ആയുധങ്ങളും നൽകുന്നത് വർധിപ്പിച്ച സാഹചര്യത്തിലാണ് ലി ഹുയിയുടെ ആഹ്വാനമുണ്ടായത്.
യുക്രെയ്ൻ സംഘർഷത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും മധ്യസ്ഥത വഹിക്കാൻ താൽപര്യമുണ്ടെന്നുമാണ് ചൈനീസ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, റഷ്യയെ രാഷ്ട്രീയപരമായി പിന്തുണക്കുകയും ചെയ്യുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കാനും ജീവൻ രക്ഷിക്കാനും സമാധാനം യാഥാർഥ്യമാക്കാനുമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ലി ഹുയി പറഞ്ഞു. അതിനായി, യുദ്ധക്കളത്തിലേക്ക് ആയുധങ്ങൾ അയക്കുന്നത് നിർത്തേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം, സംഘർഷം വർധിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മേയ് 15 മുതൽ 28 വരെ യുക്രെയ്ൻ, റഷ്യ, പോളണ്ട്, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂനിയൻ ആസ്ഥാനം എന്നിവ ലി ഹുയി സന്ദർശിച്ചിരുന്നു. ചൈനയുടെ ശ്രമങ്ങൾ എന്തെങ്കിലും ഫലം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. അതേസമയം, തങ്ങളുടെ അന്താരാഷ്ട്ര നയതന്ത്ര സ്ഥാനം കൂടുതൽ വിപുലപ്പെടുത്താൻ ഇത് ചൈനയെ സഹായിക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ ചൈന ഒരു സമാധാന പദ്ധതി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആദ്യം സേനയെ പിൻവലിക്കണമെന്നാണ് യുക്രെയ്നും സഖ്യരാജ്യങ്ങളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.