മൃതദേഹങ്ങളിൽ തൊടരുത്, അവ ചിലപ്പോൾ പൊട്ടിതെറിച്ചേക്കാം: ബുച്ചയിലെ മൃതദേഹങ്ങൾക്ക് നേരെ വിരൾ ചൂണ്ടി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്
text_fieldsബുച്ച: ഒരു മാസത്തിലധികം റഷ്യയുടെ നിയന്ത്രണത്തിലായിരുന്ന ബുച്ചയിൽ നിന്നും റഷ്യൻ സേന പിൻമാറിയപ്പോൾ അധിനിവേശത്തിന്‍റെ ഏറ്റവും ക്രൂരമായ മുഖങ്ങളാണ് അവിടെ നിന്നും പുറത്ത് വന്നത്.
ഇരു കാലുകളും ബന്ധിപ്പിച്ച നിലയിൽ നിരവധി മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ഇത്തരത്തിൽ തെരുവുകളിൽ ഉപേക്ഷിച്ച മൃതദേഹങ്ങളിൽ തൊടാൻ പാടില്ലെന്നാണ് യുക്രെയ്ൻ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. തെരുവിൽ അനാതമായി കിടക്കുന്ന മൃതദേഹങ്ങളിലെല്ലാം റഷ്യൻ സേന സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചതായി യുക്രെയ്ൻ സേന നേരത്തെ ആരോപിച്ചിരുന്നു.
'മൃതദേഹങ്ങളിൽ തൊടരുത്, അവ ചിലപ്പോൾ പൊട്ടിതെറിക്കാൻ സാധ്യതയുണ്ട്'. മൃതദേഹങ്ങൾക്കരികിൽ എത്തുന്നവർക്കെല്ലാം പൊലീസ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞാഴ്ചയാണ് റഷ്യൻ സേന ബുച്ചയിൽ നിന്നും പിൻമാറിയത്. പ്രദേശത്ത് നിന്ന് പിൻമാറുന്നതിന് മുമ്പ് തെരുവുകളിലും കെട്ടിടങ്ങളിലുമായി നിരവധി സിവിലിയൻമാരുടെ മൃതദേഹങ്ങളാണ് ഉപേക്ഷിച്ചത്. ബുച്ചയിൽ നിന്ന് മാത്രം 300ലധികം ആളുകൾ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ഇതിൽ തന്നെ 50ലധികം ആളുകളെ വധിച്ചതാണെന്നുമാണ് റിപ്പോർട്ട്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് നൽകിയ റിപ്പോർട്ട് പ്രകാരം ബുച്ചയിൽ നിന്ന് ഇരു കൈ കാലുകളും ബന്ധിപ്പിച്ച നിലയിൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
റഷ്യൻ അധിനിവേശത്തിനിടെ ബുച്ചയിലുടനീളം വലിയ നാശനഷ്ടങ്ങളും സിവിലിയൻമാർക്ക് നേരെ ക്രൂരമായ പീഡനങ്ങളുമാണ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യക്കെതിരെ യുക്രെയ്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളും വംശഹത്യ ആരോപിക്കുമ്പോൾ ക്രെംലിൻ ഈ ആരോപണങ്ങളെ പ്രചരണങ്ങൾ മാത്രമാണെന്ന് പറഞ്ഞ് തള്ളികളയുകയാണ്. റഷ്യൻ സേന സാധാരണക്കാരെ ലക്ഷ്യം വെക്കില്ലെന്ന് അവർ ആവർത്തിക്കുകയും ചെയ്തു.
ആരോപണങ്ങൾ കള്ളമാണെന്ന് റഷ്യയുടെ യു.എൻ അംബാസഡർ വാസിലി നെബെൻസിയ ചൊവ്വാഴ്ച രക്ഷാസമിതിയിൽ പറഞ്ഞു. ബുച്ച റഷ്യൻ സേനയുടെ നിയന്ത്രണത്തിലായിരുന്നപ്പോൾ സാധാരണക്കാർ ഒരു തരത്തിലുമുള്ള ആക്രമണവും നേരിട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ബുച്ചയിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണങ്ങളെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രകോപനമുയർത്തുന്നതാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.