സാൻഡ്‌വിച്ചാകാനില്ല, പ്രത്യേകിച്ച് ഇന്ത്യക്കും ചൈനക്കും ഇടയിൽ; വിദേശനയം വ്യക്തമാക്കി പുതിയ ശ്രീലങ്കൻ പ്രസിഡന്റ്
text_fieldsകൊളംബോ: തിങ്കളാഴ്ചയാണ് ഇടതുപക്ഷക്കാരനായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റത്. ഇന്ത്യയും ചൈനയുമായുള്ള ശ്രീലങ്കയുടെ ബന്ധത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദിസനായകെ. ഇന്ത്യക്കും ചൈനക്കുമിടയിൽ ശ്രീലങ്ക ഒരിക്കലും സാൻഡ്‌വിച്ചാകാനില്ലെന്നാണ് ദിസനായകെ വ്യക്തമാക്കിയത്. ഏതെങ്കിലും ശക്തി കേന്ദ്രത്തിനൊപ്പം ചേരുന്നതിനു പകരം, ഭൗമരാഷ്ട്രീയ ശത്രുത ഒഴിവാക്കിയുള്ള വിദേശനയമാണ് തന്റെ സർക്കാർ പിന്തുടരാൻ ഉദ്ദേശിക്കുന്നത്. ചൈനയുമായും ഇന്ത്യയുമായും ഒരുപോലെയുള്ള ബന്ധം പുലർത്തും. ഇരു രാജ്യങ്ങളും ശ്രീലങ്കയുടെ ഏറ്റവും അടുത്ത അയൽരാജ്യങ്ങളാണ്.-മോണോക്ൾ മാഗസിന് നൽകിയ അഭിമുഖത്തിൽ ദിസനായകെ പറഞ്ഞു.
''ഭൗമരാഷ്ട്രീയ പോരാട്ടത്തിൽ ഒരാളുടെയും പക്ഷം ചേരാനില്ല. രണ്ടു രാജ്യങ്ങൾക്കിടയിൽ ഞെരിഞ്ഞ് സാൻഡ്‌വിച്ചാകാനുമില്ല. പ്രത്യേകിച്ച് ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ. ഇരുരാജ്യങ്ങളും സൗഹൃദം ഞങ്ങൾ ഏറെ വിലമതിക്കുന്നു. അവർ അടുത്ത നയതന്ത്ര പങ്കാളികളാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതുപോലെ യൂറോപ്യൻ യൂനിയൻ, പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്തും.''-ദിസനായകെ പറഞ്ഞു.
പ്രാദേശിക സംഘർഷം നിലനിൽക്കുന്നതിനിടയിൽ ശ്രീലങ്കയുടെ സുരക്ഷക്കാണ് ഏറെ പ്രാധാന്യം. അതാണ് ഇത്തരത്തിലുള്ള ന്യൂട്രൽ നയം പിന്തുടരാൻ തീരുമാനിച്ചത്. എല്ലാ രാജ്യങ്ങളുമായും സഹവർത്തിത്തത്തോടെ പ്രവർത്തിക്കണം. അതാണ് ലക്ഷ്യം.-ശ്രീലങ്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. വർഷങ്ങളായി വലിയ കടക്കെണിയിൽ പെട്ട് വലയുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് പുതിയ പ്രസിഡന്റിന്റെ ഏറ്റവും വലിയ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.