ഭക്ഷണവും വെള്ളവും തേടി റഷ്യൻ സൈന്യം വാതിലിൽ മുട്ടും, തുറക്കരുത് -ഖാർകീവ് ഗവർണർ
text_fieldsഖാർകീവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ അതിക്രമിച്ചു കടന്ന റഷ്യൻ സൈന്യം വെള്ളവും ഭക്ഷണവുമില്ലാതെ വലയുകയാണെന്ന് ഖാർകീവ് ഗവർണർ ഒലെ സിനെഗുബോവ്. ഇവർ ഭക്ഷണവും വെള്ളവും വസ്ത്രവും തേടി വീടുകളുടെ വാതിലിൽ മുട്ടാൻ സാധ്യതയുണ്ടെന്നും അപരിചിതർ വാതിലിൽ മുട്ടിയാൽ തുറക്കരുതെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഖാർകീവിൽ യുക്രയ്ൻ സായുധ സേന ബന്ദികളാക്കിയ റഷ്യൻ സൈനികരുടെ ചിത്രം പങ്കുവെച്ചാണ് ഗവർണറുടെ കുറിപ്പ്.
'അവർക്ക് അവരുടെ സൈനിക മേധാവികളുമായി ഒരു ബന്ധവുമില്ല. ഇനിയെന്ത് ചെയ്യണമെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല. യുക്രെയ്നിലെ ആക്രമണം തുടങ്ങിയ ശേഷം അവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. ഇന്ധന വിതരണം വരെ നിലച്ചിരിക്കുകയാണ്' -ഒലെ വ്യക്തമാക്കി.
ഖാർകീവിൽ മാത്രം യുക്രെയ്ൻ സായുധസേന ഡസൻ കണക്കിന് റഷ്യൻ സൈനികരെ തടവിലാക്കിയതായും അദ്ദേഹം അറിയിച്ചു. 'സ്ഥാനങ്ങൾ ഉപേക്ഷിച്ച് റഷ്യൻ സൈനികർ സാധാരണക്കാർക്കിടയിൽ ഒളിഞ്ഞിരിക്കാനാണ് ശ്രമിക്കുന്നത്. ആളുകളോട് വസ്ത്രവും ഭക്ഷണവും ആവശ്യപ്പെടുന്നു. കാരണം സ്വന്തം നാട്ടിൽ ആരും അവരെ കാത്തിരിക്കുന്നില്ല.
ഖാർകീവ് നിവാസികൾ, ശ്രദ്ധിക്കുക, അപരിചിതർക്ക് വാതിൽ തുറക്കരുത്. റഷ്യൻ ആക്രമണകാരിയെ തടസ്സപ്പെടുത്താൻ സഹായിക്കരുത്. ഞങ്ങൾ ശക്തരാണ്, ഒറ്റയ്ക്കാണ്, ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾ തളരില്ല! ഉക്രെയ്നിന് മഹത്വം!' ഗവർണർ ഫേസ്ബുക് കുറിപ്പിൽ എഴുതി.
ഖാർകീവിൽ കടന്ന റഷ്യൻ സൈന്യത്തെ തുരത്തിയതായുംനഗരം യുക്രെയ്ൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. "ഖാർകീവിന്റെ നിയന്ത്രണം പൂർണ്ണമായും നമ്മുടെ കൈയ്യിലാണ്! സായുധ സേനയും പൊലീസും പ്രതിരോധ സേനയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ശത്രുവിൽനിന്ന് നഗരത്ത പൂർണ്ണമായും ശുദ്ധീകരിക്കുകയാണ്" -ഒലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.