വിമാനത്തിലെ മദ്യപാനം ഹൃദയത്തിന് കൂടുതൽ ഹാനികരം
text_fieldsദീർഘദൂര അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങളുടെ ചുരുക്കം ചില ആശ്വാസങ്ങളിലൊന്ന് സൗജന്യ മദ്യമാണെന്ന് നിങ്ങളിൽ ചിലരെങ്കിലും കരുതുന്നില്ലേ? എന്നാൽ, അത്രക്കങ്ങ് ആശ്വസിക്കാൻ വരട്ടെ. ഉയരവും മദ്യവും ചേരുമ്പോഴുള്ള ‘രസതന്ത്രം’ കഴിക്കുന്നയാൾക്ക് അത്ര നല്ലതല്ലെന്ന പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ജർമൻ എയ്‌റോസ്‌പേസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മദ്യപാനവും വിമാന ക്യാബിനിലെ ‘ഹൈപ്പോബാറിക്’ അവസ്ഥയും സംയോജിപ്പിച്ച് ഉറക്കത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവർ അന്വേഷണം നടത്തി. 18 നും 40 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഒരു കൂട്ടം വ്യക്തികളിൽ പകുതി പേരെ ഒരു അറയിൽ പാർപ്പിച്ചു. അവിടെയുള്ള അന്തരീക്ഷമർദ്ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷത്തിലേക്ക് പാകപ്പെടുത്തി. ശേഷിക്കുന്ന സന്നദ്ധപ്രവർത്തകരെ സമുദ്ര നിരപ്പിലുള്ള സ്ലീപ് ലബോറട്ടറിയിലും പാർപ്പിച്ചു.
ഓരോ ഗ്രൂപ്പും അതാത് പരിതസ്ഥിതികളിൽ രണ്ട് രാത്രികൾ ചെലവഴിച്ചു. ഈ രാത്രികളിലൊന്നിൽ അവർക്ക് കുടിക്കാൻ മദ്യം നൽകി. ശേഷം നാല് മണിക്കൂർ ഉറങ്ങി. ഈ സമയത്ത് ‘പോളിസോംനോഗ്രാഫിക്’ ഉപകരണങ്ങൾ വെച്ച് ഇവരുടെ രക്തത്തിലെ ഓക്സിജന്റെ അളവ് ഹൃദയമിടിപ്പ്, ഗാഢനിദ്രയിൽ ചെലവഴിച്ച സമയം, മറ്റ് വിവിധ ഘടകങ്ങൾ എന്നിവ നിരീക്ഷിച്ചു. ഈ അവസ്ഥകൾ ഉറക്കത്തിൽ ഹൃദയമിടിപ്പ് വർധിക്കുകയും ഓക്സിജന്റെ അളവ് കുറക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
രക്തത്തിലെ ഓക്സിജൻ ലെവൽ 95% മുതൽ 100% വരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. രക്തം ശരീരത്തിന്റെ ബാക്കി ഭാഗത്തിന് മതിയായ ഓക്സിജൻ നൽകാത്ത അവസ്ഥ അപകടകരമാണ്. മദ്യപിക്കാതെ സമുദ്രനിരപ്പിൽ കിടന്നുറങ്ങിയ സംഘത്തിന്റെ ശരാശരി ഓക്സിജൻ ലെവൽ 95.88% രേഖപ്പെടുത്തിയെങ്കിൽ സമുദ്രനിരപ്പിൽ രാത്രി മദ്യം കഴിക്കാതെ ചെലവഴിച്ചവരിൽ ഇത് 94.59% ആയി കുറഞ്ഞു.
മദ്യം കഴിക്കാതെ സിമുലേറ്റഡ് ഉയരത്തിൽ ഉറങ്ങുന്നവരുടെ ശരാശരി ഓക്സിജൻ നില 88.97% ആയപ്പോൾ മദ്യം കഴിക്കുകയും ഉയരത്തിൽ ഉറങ്ങുകയും ചെയ്തവരുടെ ശരാശരി 85.32% ആയിരുന്നു. ഇത് ഹൃദയാരോഗ്യത്തെ അപായത്തിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.