നവാസ് ശരീഫിനെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച സ്ത്രീയുടെ മുഖത്ത് തുപ്പി ഡ്രൈവർ; വിഡിയോ വൈറൽ
text_fieldsലണ്ടൻ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്‍ലിം ലീഗ് -എൻ നേതാവുമായ നവാസ് ശരീഫിനെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച സ്ത്രീയുടെ മുഖത്ത് തുപ്പി ശരീഫിന്റെ ഡ്രൈവർ. ലണ്ടൻ നഗരത്തിലെ ഹൈഡെ പാർക് ഏരിയയിൽ ശരീഫും ഡ്രൈവറും കാറിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ശരീഫിനും ഡ്രൈവർക്കുമെതിരെ വ്യാപക രോഷമാണ് ഉയരുന്നത്.
മുൻ സീറ്റിൽ നവാസ് ശരീഫ് ഇരിക്കുന്നത് കണ്ട് സ്ത്രീ കാറിന്റെ വിൻഡോയിൽ മുട്ടുകയായിരുന്നു. ആരാധികയാണെന്ന് കരുതി ഡ്രൈവർ വിൻഡോ താഴ്ത്തി. അവരോട് ഹായ് പറഞ്ഞയുടൻ സ്ത്രീയും തിരിച്ച് ഹായ് പറയുകയും ‘താങ്കൾ വളരെ അഴിമതിക്കാരനായ ഒരു പാകിസ്താൻ രാഷ്ട്രീയക്കാരനാണെന്ന് ഞാൻ കേട്ടിട്ടുണ്ട്’ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇത് കേട്ട നേതാവിന്റെ ഡ്രൈവർ രോഷാകുലനാകുകയും കാറിനരികിൽ നിന്നിരുന്ന സ്ത്രീയുടെ നേരെ തുപ്പുകയും ശേഷം വിൻഡോ അടച്ച് വാഹനവുമായി സ്ഥലം വിടുകയും ചെയ്തു. ഇതെല്ലാം സ്ത്രീ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. സ്ത്രീ ലണ്ടനിലെ മാധ്യമപ്രവർത്തകയാണെന്നും റിപ്പോർട്ടുണ്ട്.
2019ൽ പാകിസ്താൻ വിട്ട ശേഷം ലണ്ടനിലാണ് നവാസ് ശരീഫ് കഴിയുന്നത്. 2018ൽ ചുമത്തപ്പെട്ട അഴിമതി കേസിനെ തുടർന്നായിരുന്നു നാടുവിടൽ. ഒക്ടോബർ 21ന് നവാസ് ശരീഫ് പാകിസ്താനിൽ മടങ്ങിയെത്തുമെന്ന് സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ശഹബാസ് ശരീഫ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.