അതീവ സുരക്ഷയുള്ള തെൽഅവീവിൽ ഹൂതി ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
text_fieldsതെൽഅവീവ്: ഇസ്രായേലിനെ ഞെട്ടിച്ച് തലസ്ഥാനമായ അതീവ സുരക്ഷയുള്ള തെൽഅവീവിൽ ഹൂതി ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇസ്രായേലിലെ യു.എസ് എംബസിക്ക് സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അന്വേഷണത്തിന് ഉത്തരവിട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതികൾ ഏറ്റെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിന്റെ വിവരങ്ങളും ഹൂതികൾ പുറത്തുവിട്ടു. ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ തുടക്കമാണിതെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ അധിനിവേശം തുടരുന്നിടത്തോളം കാലം ആക്രമണം ശക്തമാക്കുമെന്നും ഇസ്രായേൽ എല്ലായിടത്തും കരുതിയിരിക്കേണ്ടി വരുമെന്നും ഹൂതി പൊളിറ്റിക്കൽ ബ്യൂറോ വക്താവ് ഹസാം അൽ അസദ് വ്യക്തമാക്കി. ലബനാനിലെയും ഇറാഖിലെയും ഫലസ്തീനിലെയും പ്രതിരോധ മുന്നണികളുമായി സഹകരിച്ചാണ് ഇസ്രായേലിനെതിരായ നീക്കമെന്നും ഹസാം അൽ അസദ് കൂട്ടിച്ചേർത്തു. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിന്റെ വ്യോമമേഖലകളിൽ സുരക്ഷ ശക്തമാക്കി. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
രാജ്യം ഇത്രയധികം ജാഗ്രത പുലർത്തുന്ന സമയത്ത് ഡ്രോൺ ആക്രമണം നടന്നത് ഇസ്രായേലിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. നെതന്യാഹു സർക്കാരിന് ഇസ്രായേൽ പൗരൻമാർക്ക് മതിയായ സുരക്ഷ നൽകാൻ കഴിയുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഹൂതികളുടെ ഡ്രോൺ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ് കുറ്റപ്പെടുത്തി.തെക്കൻ ലബനാനിലെ ഹിസ്ബുല്ലയും വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.