ബ്രസീലിൽ മയക്കുമരുന്ന് സംഘവും പൊലീസും ഏറ്റുമുട്ടി; 25 പേർ കൊല്ലപ്പെട്ടു
text_fieldsറിയോ ഡി ജനീറോ: ബ്രസീലിൽ മയക്കുമരുന്ന് കള്ളക്കടത്തുകാരും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടു. റിയോ ഡി ജനീറോയിലെ ജാക്കറെസിൻഹോ ചേരി പരിസരത്താണ് സംഭവം.
വെടിവെപ്പിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. മറ്റുള്ളവർ ചേരിയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. റിയോ സംസ്ഥാനത്ത് 16 വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പൊലീസ് ഓപ്പറേഷനാണിത്. 2007ൽ കോംപ്ലക്സോ ഡോ അലേമാവോ ചേരിയിൽ നടന്ന ഏറ്റുമുട്ടലിൽ 19 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമികളിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ പൊലീസ് വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ആറ് റൈഫിളുകൾ, 15 ഹാൻഡ്‌ഗണ്ണുകൾ, ഒരു മെഷീൻ ഗൺ, 14 ഗ്രനേഡുകൾ, ഒരു പീരങ്കി വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തിന് പുറമെ ഇവർ ചരക്ക് ട്രക്കുകൾ കൊള്ളയടിക്കുകയും ട്രെയിനിൽ യാത്രക്കാരെ കവർച്ച നടത്താറുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഏറ്റുമുട്ടലിനെതിരെ ആംനസ്റ്റി ഇൻറർനാഷനൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘങ്ങൾ വിമർശനവുമായി രംഗത്തെത്തി. കറുത്തവരും ദരിദ്രരും താമസിക്കുന്ന ചേരിയിൽ അപലപനീയമായ ആക്രമണമാണ് നടന്നത്. ഇത്രയും പേർ കൊല്ലപ്പെട്ടത് നീതീകരിക്കാനവില്ലെന്നും ആംനസ്റ്റി ഇൻറർനാഷനൽ ബ്രസീൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജുറേമ വെർനെക് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച് (എച്ച്.ആർ.ഡബ്ല്യു) ആവശ്യപ്പെട്ടു. എച്ച്.ആർ.ഡബ്ല്യു കണക്കനുസരിച്ച് ഇൗ വർഷം റിയോ പൊലീസ് 453 പേരെയാണ് കൊലപ്പെടുത്തിയത്. നാല് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോവിഡ് മഹാമാരിക്കിടയിൽ ചേരികളിൽ ഇത്തരം ആക്രമണങ്ങൾ നടത്തരുതെന്ന് സുപ്രീം കോടതി വിധിയുണ്ടായിട്ടും അതിെൻറ കടുത്ത ലംഘനമാണ് ഇപ്പോൾ നടന്നതെന്ന് എച്ച്.ആർ.ഡബ്ല്യു കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.