കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ റഫേൽ കാറോ ക്വിന്‍റിറോ പിടിയിൽ
text_fieldsയു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഏജന്‍റിനെ 1985ൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ റഫേൽ കാറോ ക്വിന്‍റിറോ മെക്സികോയിൽ പിടിയിൽ.
കേസിൽ ശിക്ഷിക്കപ്പെട്ട് 28 വർഷം ജയിലിൽ കഴിഞ്ഞ ക്വിന്‍റിറോയെ അപ്പലേറ്റ് അതോറിറ്റി 2013ൽ മോചിപ്പിച്ചിരുന്നു. എന്നാൽ, നടപടിക്കെതിരെ അമേരിക്കയും പ്രോസിക്യൂഷനും വിമർശനവുമായി രംഗത്തെത്തി. പിന്നാലെ സുപ്രീം കോടതി വിധി റദ്ദാക്കി. എന്നാൽ, ഒളിവിൽ പോയ അദ്ദേഹത്തെ പിടികൂടി വിട്ടുതരണമെന്ന ആവശ്യവുമായി യു.എസ് ശക്തമായി രംഗത്തുണ്ടായിരുന്നു.
നാവികസേനയും അറ്റോർണി ജനറലിന്റെ ഓഫിസും സംയുക്തമായി നടത്തിയ ഓപറേഷനിൽ സിനലോവ സംസ്ഥാനത്തെ സാൻ സൈമൺ പട്ടണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നു ക്വിന്‍റിറോയെ നായയുടെ സഹായത്തോടെയാണ് പിടികൂടിയത്. പിടികിട്ടാപ്പുള്ളികളുടെ ദേശീയ രജിസ്ട്രിയിൽ കാറോയും ഉൾപ്പെട്ടിരുന്നതായി മെക്സിക്കൻ പൊതുജന സുരക്ഷ മന്ത്രാലയം അറിയിച്ചു. എന്നാൽ, അറസ്റ്റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് വൈറ്റ് ഹൗസിൽ ജോ ബൈഡനെ കണ്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.
ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷൻ ഏജന്റായ എൻറിക് കികി കാമറീനയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് കാറോ ക്വിന്‍റിറോയെ 40 വർഷം തടവിനാണ് ശിക്ഷിച്ചത്. എന്നാൽ, അപ്പലേറ്റ് അതോറിറ്റി ശിക്ഷ ഇളവ് ചെയ്തതോടെയാണ് പുറത്തിറങ്ങിയത്. കാമറീനയുടെ റെയ്ഡുകൾ മയക്കുമരുന്ന് കടത്തിന് തടസ്സമായതോടെയാണ് അവരെ കൊലപ്പെടുത്തിയത്.
കാറോ ക്വിന്‍റിറോയെ അമേരിക്കക്ക് കൈമാറണമെന്ന് ഉടൻ ആവശ്യപ്പെടുമെന്ന് യു.എസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലാൻഡ് പറഞ്ഞു. അമേരിക്കൻ നിയമപാലകരെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ആർക്കും ഒളിച്ചിരിക്കാൻ കഴിയില്ല. റഫേൽ കാറോയെ പിടികൂടിയതിൽ മെക്സിക്കൻ അധികൃതരോട് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘമായ ഗ്വാഡലജാര കാർട്ടലിന്റെ സ്ഥാപകരിലൊളായിരുന്നു കാറോ ക്വിന്‍റിറോ. ഒളിവിൽ കഴിഞ്ഞിരുന്ന കാറോ ക്വിന്‍റിറോയെ കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് 20 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.