ഇസ്രായേൽ സേന വളഞ്ഞ ഗസ്സ ക്രിസ്ത്യൻ ചർച്ചിൽ ഒരാൾ കൂടി മരിച്ചു; വെടിയേറ്റ മറ്റൊരാൾ മരണവക്കിലെന്ന്
text_fieldsഗസ്സ: ഇസ്രായേൽ അധിനിവേശ സേന രണ്ട് ക്രിസ്ത്യൻ വനിതകളെ വെടിവെച്ചുകൊന്ന ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. കൊലപാതകം നടന്ന കഴിഞ്ഞ ശനിയാഴ്ച മുതൽ സൈന്യം വളഞ്ഞ ചർച്ചിനുള്ളിൽ കുടുങ്ങിയ നൂറുകണക്കിന് വിശ്വാസികളിൽ ജെറീസ് സയേഗ് എന്നയാളാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ മകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമായ വാഷിംഗ്ടൺ ഡിസിയിൽ താമസിക്കുന്ന ഖലീൽ സയേഗാണ് മരണവിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട സ്ത്രീകളെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ ഏഴുപേരിൽ ഒരാൾ ചികിത്സ ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട് ചർച്ചിൽ തന്നെ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.
‘എന്റെ പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ, പട്ടിണിക്കിട്ടും വൈദ്യസഹായം നിഷേധിച്ചും സാധാരണക്കാരെ കൊല്ലാക്കൊല ചെയ്യുന്ന ശത്രുവിനെതിരെ പോരാടുന്ന ഗസ്സയിലെ എന്റെ കുടുംബത്തെ കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ക്രിസ്തുവിനെ മാതൃകയായി സ്വീകരിച്ച എന്റെ അച്ഛൻ എല്ലാവരേയും സ്നേഹിക്കാനും ക്ഷമിക്കാനും ജീവിതത്തിൽ ഒരിക്കലും പ്രതികാരത്തിന് ഇടം നൽകാതിരിക്കാനുമാണ് പഠിപ്പിച്ചത്. ഏത് കഠിനവും വേദനാജനകവുമായ സാഹചര്യത്തിലും ഈ തത്ത്വങ്ങൾ പാലിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’ - ഖലീൽ സയേഗ് എക്സിൽ കുറിച്ചു.
ഇസ്രായേൽ സൈന്യം ചർച്ച് ഉപരോധം തുടരുകയാണെന്നും പ്രായമായവരും നിത്യരോഗികളും ഉൾപ്പെടെ അകത്തുള്ള ആർക്കും വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണെന്നും പ്രദേശം പൂർണമായും കൈവശപ്പെടുത്താനാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം കൂടിച്ചേർത്തു. ‘ഫലസ്തീനികളെ ഗസ്സ മുനമ്പിൽ നിന്ന് പുറത്താക്കാനാണ് ഇസ്രായണ്‍ലിന്റെ ആസൂത്രിത നീക്കം. ഗസ്സ പൂർണമായും കൈവശപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. മാനുഷിക ദുരന്തം എത്രത്തോളം കൂടുതൽ വഷളാക്കുന്നുവോ അത്രയധികം ആളുകൾ അവിടെ നിന്ന് പോകാനുള്ള സാധ്യതയുണ്ട്. വടക്കൻ ഗസ്സയിൽ ഒന്നുപോലും ബാക്കിയാക്കാതെ എല്ലാ ആശുപത്രികളും നശിപ്പിച്ചത് വംശീയ ഉന്മൂലനത്തിനുള്ള തെളിവല്ലാതെ മറ്റെന്താണ്?’ -അദ്ദേഹം ചോദിച്ചു.
ഹോളി ഫാമിലി ചർച്ചിൽ കുടുങ്ങിക്കിടക്കുന്ന തന്റെ ബന്ധുക്കൾ മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നതെന്ന് ഫലസ്തീൻ വംശജയും ബ്രിട്ടീഷ് പാർലമെന്റംഗവുമായ ലൈല മോറൻ പറഞ്ഞിരുന്നു. ചർച്ചിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീനികളുടെ ജീവനെ കുറിച്ച് തനിക്ക് ഭയമുണ്ടെന്നായിരുന്നു ലിബറൽ ഡെമോക്രാറ്റ് എം.പിയായ ലൈല മാധ്യമങ്ങളോട് പറഞ്ഞത്.
'ഒന്നുകിൽ അവരെ വെടിയുണ്ടകൾ കൊല്ലും. അല്ലെങ്കിൽ, കുടിവെള്ളം കിട്ടാതെ മരണപ്പെട്ടേക്കുമെന്ന് ഞാൻ ആശങ്കപ്പെടുന്നു’ -എം.പി പറഞ്ഞു. ചർച്ച് വളഞ്ഞ ഇസ്രായേൽ സൈന്യം പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് നഹിദ, മകൾ സമർ എന്നിവരെ ഗസ്സയിലെ ഹോളി ഫാമിലി ചർച്ച് കോമ്പൗണ്ടിൽവെച്ച് ഇസ്രായേൽ വെടിവെച്ചുകൊന്നത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും 54 വികലാംഗർക്ക് അഭയം നൽകുന്ന കോൺവെന്റിന് കേടുപാടുകൾ സംഭവിച്ചതായും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.