മാനനഷ്ടക്കേസിൽ ട്രംപ് 8.33 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് വിധി
text_fieldsന്യൂയോർക്ക്: മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നഷ്ടപരിഹാരം നൽകണമെന്ന് വിധി. 8.33 കോടി ഡോളറാണ് ട്രംപ് നൽകേണ്ടത്. ന്യൂയോർക്ക് കോടതിയുടേതാണ് വിധി.
മൂന്ന് മണിക്കൂറോളം വാദപ്രതിവാദം നടന്നു. വിധി പറയും മുമ്പേ ട്രംപ് കോടതി വിട്ടു. അപഹാസ്യമായ വിധിയെന്നാണ് ട്രംപിന്‍റെ പ്രതികരണം. അപ്പീൽ നൽകുമെന്നും ട്രംപ് പറഞ്ഞു. ജീൻ കാരൾ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ തുക നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.
195ലോ 96ലോ മാന്‍ഹാട്ടനിലെ വസ്ത്രശാലയില്‍ വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് 2019ൽ കാരൾ ആരോപണം ഉന്നയിക്കുകയായിരുന്നു. ഭയത്താലാണ് ഇത്രയും വർഷം ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, കാരളിനെ കണ്ടിട്ടുപോലുമില്ലെന്നും അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രമാണിതെന്നുമായിരുന്നു ട്രംപിന്‍റെ നിലപാട്.
നേരത്തെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള ന്യൂഹാംഷെയർ പ്രൈമറിയിൽ ട്രംപിന് ജയം നേടിയിരുന്നു. നവാഡയിലും സൗത്ത് കരോലിനയിലുമാണ് അടുത്ത റിപ്പബ്ലിക്കൻ പ്രൈമറികൾ നടക്കുക. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഉൾപാർട്ടി വോട്ടെടുപ്പുകളിൽ ജയത്തോടെയാണ് ട്രംപ് തുടങ്ങിയത്. അയോവ കോക്കസിൽ 51 ശതമാനം വോട്ടുകൾ നേടിയായിരുന്നു ട്രംപിന്‍റെ ജയം. നവംബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനാണ് ട്രംപിന്‍റെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.