ഭൂകമ്പവും പ്രളയവും: ഇരട്ട ആഘാതത്തിൽ വിറച്ച് ഉത്തരാഫ്രിക്ക
text_fieldsറാബത്ത്: മൊറോക്കോയിലെ ഭൂകമ്പത്തിനുപിന്നാലെ ലിബിയയിലെ പ്രളയവും വിതച്ച ദുരന്തങ്ങളിൽ വിറച്ച് ഉത്തരാഫ്രിക്ക. രണ്ട് ദുരന്തങ്ങളിലുമായി ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്.
മെറോക്കോയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2800 കടന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ഊർജിത ശ്രമത്തിലാണ്.
അതേസമയം, ഭൂകമ്പത്തിൽനിന്ന് രക്ഷപ്പെട്ടവർ മതിയായ ദുരിതാശ്വാസ സാമഗ്രികൾ ഇല്ലാത്തതിനാൽ കടുത്ത ദുരിതത്തിലാണ്. സഹായ വസ്തുക്കൾ എത്തിച്ചേരാൻ കാലതാമസമുണ്ടാകുന്നതായി രക്ഷാപ്രവർത്തകരും പറയുന്നു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കാനില്ലെന്ന് 43കാരിയായ ഖദീജിയ ഐതിൽകിദ് പറഞ്ഞു.
സർക്കാർ സഹായം എത്താത്തതിനാൽ ആളുകൾ പരസ്പരം സഹായിച്ചാണ് അവശ്യ സൗകര്യങ്ങളൊരുക്കുന്നത്. കുട്ടികളെയും പ്രായമായവരെയും തണുപ്പിൽനിന്ന് സംരക്ഷിക്കുന്നതിന് താൽക്കാലിക ടെന്റുകളും ഇവർ തയാറാക്കുന്നുണ്ട്. മൊറോക്കോയിലെ ദുരാതാശ്വാസ പ്രവർത്തനങ്ങൾക്കായി അടിയന്തരമായി 110 ദശലക്ഷം ഡോളർ സഹായം ആവശ്യമുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു. ഭൂകമ്പം ദുരിതംവിതച്ച മറാകിഷിൽ പരിക്കേറ്റവർക്ക് രക്തം നൽകാൻ ആളുകൾ ആശുപത്രികളിൽ ക്യൂ നിൽക്കുന്ന കാഴ്ചകളും കാണാമായിരുന്നു. മറാകിഷിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള അറ്റ്ലസ് പർവത നിരകളിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്.
ഭൂകമ്പത്തിന് പിന്നാലെയെത്തിയ ലിബിയയിലെ പ്രളയക്കെടുതി ഉത്തരാഫ്രിക്കക്ക് ഇരട്ട ആഘാതമായി. ഡാനിയൽ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേരാണ് ഇവിടെ മരിച്ചത്. കിഴക്കൻ തുറമുഖ നഗരമായ ദേർണയിൽ മാത്രം 1500ത്തിലധികം പേർ മരിച്ചു. രാജ്യത്ത് 5000ത്തോളം പേർ മരിച്ചതായാണ് ബെൻഗാസിയിലെ കിഴക്കൻ ഭരണകൂടം പറയുന്നത്.
പ്രളയജലം കുത്തിയൊഴുകി എത്തിയപ്പോൾ താങ്ങാനാകാതെ അണക്കെട്ടുകൾ തകർന്നതാണ് ദുരന്തത്തിന്റെ ആഘാതം രൂക്ഷമാക്കിയത്. ദേർണ നഗരത്തിലെ പാലങ്ങളും റോഡുകളും പുനർനിർമിക്കാൻ 67 ദശലക്ഷം ഡോളർ ആവശ്യമാണെന്ന് ലിബിയയിലെ നാഷനൽ യൂനിറ്റി സർക്കാർ അറിയിച്ചു. നഗരത്തിന്റെ നാല് ചതുരശ്ര കിലോമീറ്റർ പ്രദേശം ഏതാണ്ട് പൂർണമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.