യുദ്ധക്കെടുതിയിൽ ഇടിത്തീയായി ഭൂകമ്പം
text_fieldsദർകുഷ്: കരയുന്ന കുട്ടികളെ ചേർത്തണച്ചിരുന്ന അമ്മമാരിൽ ചിലർക്ക് കരയാൻ കണ്ണുനീർ ബാക്കിയില്ല. ആഭ്യന്തര യുദ്ധവും അഭയാർഥിത്വവും നൽകിയ ദുരിതജീവിതം അവരുടെ കണ്ണുനീർ വറ്റിച്ചുകഴിഞ്ഞിരുന്നു.
അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയുന്നത് നിസ്സഹായതയുടെ ദയനീയ ഭാവമാണ്. ദുരിതത്തിനുമേൽ ദുരിതം വിതച്ചാണ് ഭൂകമ്പം കുടഞ്ഞെറിഞ്ഞത്. സിറിയയിലെ ആഭ്യന്തര കലാപത്തിൽനിന്ന് രക്ഷതേടിയെത്തിയ അഭയാർഥികളുടെ താവളം സ്ഥിതിചെയ്യുന്ന ഭാഗങ്ങൾ ഭൂകമ്പത്തിൽ ഛിന്നഭിന്നമായി.
പതിറ്റാണ്ടിലധികമായി അവരുടെ ജീവിതത്തിൽ കണ്ണീരുപ്പ് കലർന്നിട്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്ന് കൂടി ഇടിത്തീപോലെ പതിച്ചപ്പോൾ അത് പൂർണമായി. ഇദ്ലിബിലെ ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. വരാന്തയിൽ നിലത്തുകിടത്തിയാണ് പരിചരണം.
വൈദ്യുതി സംവിധാനങ്ങൾ തകരാറിലായത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു. കീഴ്മേൽ മറിക്കപ്പെട്ട കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണംപോലും പറയാൻ കഴിയാത്ത സ്ഥിതിയാണ്. പല സ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയുന്നില്ല.
മഴയും തണുപ്പും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാക്കുന്നു. വടക്കുപടിഞ്ഞാറൻ സിറിയയിലെ നിരവധി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മുഴുവൻ കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ തകർന്നു. ‘‘ഞങ്ങൾ ഉറങ്ങുകയായിരുന്നു.
നീണ്ടുനിന്ന പ്രകമ്പനമാണ് ഉണർത്തിയത്. എഴുന്നേറ്റ് ഓടി വാതിലിനടുത്ത് എത്തിയപ്പോഴേക്ക് കെട്ടിടം തകർന്നുവീണു. മരവാതിലിന്റെ മറപറ്റി നിന്നതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി. തലക്ക് പരിക്കുണ്ടെങ്കിലും ജീവൻ ബാക്കിയായതു തന്നെ ആശ്വാസം’’ -പശ്ചിമ ഇദ്ലിബിലെ ദർകുഷിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അബ്ദുൽ ഹമീദ് പറഞ്ഞു. വിഭാഗീയതയും ആഭ്യന്തര സംഘർഷവുമെല്ലാം ഇപ്പോൾ പടിക്ക് പുറത്തായിരിക്കുന്നു.
ദുരിതക്കയത്തിൽ അവർ സഹായം തേടുന്ന സാധാരണ മനുഷ്യർ മാത്രം. തുർക്കിയയും സിറിയയും ലോകരാജ്യങ്ങളോട് സഹായം തേടി. കാരുണ്യത്തിന്റെ കരങ്ങൾ അവരിലേക്ക് നീണ്ടുതുടങ്ങിയത് ആശ്വാസമാണ്. ഭൂചലനത്തിൽ തകർന്ന തുർക്കിയക്ക് സഹായം നൽകാൻ എതിർചേരിയിലുള്ള ഗ്രീസ് വരെ തയാറായിട്ടുണ്ട്.
ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം അനുഭവിച്ചിരുന്നവരുടെ ജീവിതത്തിൽ ഭൂകമ്പം കൂടുതൽ ഇരുട്ടുനിറച്ചതായി നോർവീജിയൻ അഭയാർഥി കൗൺസിൽ പശ്ചിമേഷ്യൻ ഡയറക്ടർ കേഴ്സ്റ്റൺ ഹാൻസെൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.