ബഹിരാകാശ സഞ്ചാരികൾക്കായി മികച്ച ഭക്ഷണം വാട്ടർമീലെന്ന് ഗവേഷകർ
text_fieldsലോകത്തിലെ ഏറ്റവും ചെറിയ പൂച്ചെടി ചെടിയാണ് വാട്ടർമീൽ. വേരുകളോ തണ്ടോ ഇല്ലാത്ത ഈ ചെടികൾ തായ്‌ലൻഡിലും ചില ഏഷ്യൻ രാജ്യങ്ങളിലും ജലാശയങ്ങളിൽ ഒഴുകിനടക്കുന്നവയാണ്.
തായ്‌ലൻഡിലെ മഹിഡോൾ സർവകലാശാല ഗവേഷകർ വാട്ടർമീലിന്റെ ബഹിരാകാശ സാധ്യതകൾ പരീക്ഷിച്ചു. വാട്ടർമീൽ ബഹിരാകാശ യാത്രികർക്ക് മികച്ച ഭക്ഷണവും ഓക്‌സിജൻ സ്രോതസ്സുമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ, നെതർലൻഡ്‌സിലുള്ള ഇസ്‌ടെക് ടെക്‌നിക്കൽ സെന്ററിലാണു പഠനം നടന്നത്. ഇവിടെയുള്ള ലാർജ് ഡയമീറ്റർ സെൻട്രിഫ്യൂജ് (എൽ.ഡി.സി) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം. 8 മീറ്റർ വിസ്തീർണമുള്ള സെൻട്രിഫ്യൂജാണ് എൽ.ഡി.സി.
കുളങ്ങൾ, തടാകങ്ങൾ, ചതുപ്പുകൾ തുടങ്ങിയ ശാന്തമായ, പോഷക സമൃദ്ധമായ ശുദ്ധജല പരിതസ്ഥിതികളിലാണ് വാട്ടർമീൽ തഴച്ചുവളരുന്നുത്. വാട്ടർമീൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള സ്രോതസ്സാണ്. ഈ പൂച്ചെടി ഓക്‌സിജനും ഉത്പാദിപ്പിക്കും. തായ്‌ലൻഡിലെ പാചകത്തിൽ കുറേക്കാലമായി വാട്ടർമീൽ ഉപയോഗിക്കുന്നുണ്ട്. സൂപ്പ് മുതൽ സാലഡ് വരെയുള്ള വിഭവങ്ങളിൽ വാട്ടർമീൽ ഇടംപിടിച്ചിട്ടുണ്ട്.
ബഹിരാകാശ കൃഷി അഥവാ സ്‌പേസ് അഗ്രിക്കൾചറിൽ പ്രധാന പങ്ക് വഹിക്കാൻ വാട്ടർമീലിനു കഴിയുമെന്നാണു ഗവേഷകർ പറയുന്നത്. ബഹിരാകാശ ദൗത്യങ്ങളിൽ ആവശ്യമായ പോഷകഭക്ഷണവും ഓക്‌സിജനും നിർമിക്കാൻ ഇതുവഴി സാധിക്കുമെന്നും ഗവേഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.