ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനവുമെന്ന് ബൈഡൻ
text_fieldsവാഷിങ്ടൺ: ന്യൂഡൽഹിയിൽ ജി-20 ഉച്ചകോടിക്കിടെ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള പ്രഖ്യാപനമാണ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിടാൻ ഹമാസിനെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്നെന്ന് താൻ കരുതുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ, ഇതിന് തന്റെ പക്കൽ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് സന്ദർശിക്കുന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന് ബദലാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് പുതിയ സാമ്പത്തിക ഇടനാഴി. എന്നാൽ, പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജനങ്ങളെ കൊലപ്പെടുത്തിയവർക്കെതിരെ പ്രതികരിക്കാൻ ഇസ്രായേലിന് അവകാശമുണ്ട്. തീവ്രവാദികൾക്കെതിരെ സ്വയംപ്രതിരോധത്തിനായുള്ള ഇസ്രായേലിന്റെ അവകാശം അമേരിക്ക ഉറപ്പുവരുത്തും.
ഹമാസ് ഗസ്സയിലെ ബഹുഭൂരിപക്ഷം വരുന്ന ഫലസ്തീനികളെ പ്രതിനിധാനംചെയ്യുന്നില്ല. സിവിലിയന്മാർക്കിടയിലാണ് ഹമാസ് ഒളിച്ചിരിക്കുന്നത്. ഇത് നികൃഷ്ടവും ഭീരുത്വവുമാണ്. ഹമാസിനെതിരെ ശക്തമായി പ്രതികരിക്കുന്നതിൽ ഇത് ഇസ്രായേലിന് അധികഭാരം ഉണ്ടാക്കുകയാണ്. എന്നാൽ, അതിന്റെപേരിൽ യുദ്ധനിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിൽനിന്ന് പിന്നോട്ടുപോകാനാവില്ല. ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും നിരപരാധികളായ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം ഇസ്രായേൽ ചെയ്യണം -ബൈഡൻ പറഞ്ഞു.
ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും സുരക്ഷിതമായും സമാധാനത്തോടും ഒത്തൊരുമിച്ച് ജീവിക്കാനാവണം. ഹമാസിന് ഇസ്രായേലിനെ ഭയപ്പെടുത്താനും ഫലസ്തീനിലെ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കാനും കഴിയില്ലെന്ന് ഉറപ്പാക്കും.
അമേരിക്കയുടെ വീക്ഷണത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യം. ഗസ്സയിലുള്ളവർക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാൻ ചേർന്ന് പ്രവർത്തിച്ചതിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് ബൈഡൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.