സാമ്പത്തിക പ്രതിസന്ധി അതിജീവിക്കും -ശ്രീലങ്കൻ പ്രസിഡന്‍റ്
text_fieldsകൊളംബോ: രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ. വിവിധ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പാർട്ടികളുടെ യോഗം വിളിച്ചത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷത്തിനും സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഗോടബയ ഓർമപ്പെടുത്തി.
രാജ്യത്ത് പാചകവാതകം, പാൽപ്പൊടി, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. കോവിഡ്, 2019ലെ ഈസ്റ്റർ ഭീകരാക്രമണം, 2019 അവസാനം നികുതി വെട്ടിക്കുറച്ചതുൾപ്പെടെയുള്ള പ്രധാന നയ മാറ്റങ്ങളാണ് സ്ഥിതി വഷളാക്കിയത്. ശ്രീലങ്കയുടെ ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 10 ശതമാനം വരുന്ന വിനോദസഞ്ചാര വ്യവസായത്തെ കോവിഡ് ഞെരുക്കി. വിദേശനാണയപ്രശ്‌നം കാരണം കാനഡ അടക്കം നിരവധി രാജ്യങ്ങൾ പൗരന്മാരോട് ശ്രീലങ്ക സന്ദർശിക്കരുതെന്ന് യാത്രാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.കെ, ഇന്ത്യ, റഷ്യ എന്നിവയാണ് വിനോദസഞ്ചാരത്തിന്റെ വലിയ മൂന്ന് ഉറവിടങ്ങൾ.
ജനുവരി മുതൽ വിലകൂടിയ ഇന്ധന കയറ്റുമതിയിലൂടെ ഡോളർ സ്വായത്തമാക്കാൻ ശ്രീലങ്ക പാടുപെടുകയാണ്. ഫെബ്രുവരിയിൽ വിദേശനാണ്യ ശേഖരം 2.31 ബില്യൺ ഡോളറായി കുറഞ്ഞു. ശ്രീലങ്കയുടെ പണപ്പെരുപ്പനിരക്ക് 15.1 ശതമാനമായിരുന്നു, ഇത് ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. ഭക്ഷ്യവിലപ്പെരുപ്പം 25.7 ശതമാനത്തിലെത്തി. ശ്രീലങ്കൻ രൂപയെ താങ്ങിനിർത്താൻ കേന്ദ്ര ബാങ്ക് വിദേശ നാണയ ശേഖരം കുറച്ചു. തുടർന്ന് കടം തിരിച്ചടക്കാൻ കൂടുതൽ വിദേശ കറൻസിയില്ല. പണപ്പെരുപ്പം ഇരട്ട അക്കത്തിലേക്ക് ഉയരാൻ ഇത് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.