ബലാത്സംഗത്തിൽ ഗർഭിണിയാകുന്നവർക്ക് ഗർഭഛിദ്രമാകാമെന്ന് എക്വഡോർ
text_fieldsകീറ്റോ: ബലാത്സംഗത്തിനിടെ ഗർഭം ധരിക്കുന്നവർക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി എക്വഡോർ. അത്തരത്തിലുള്ള ഗർഭഛിദ്രം ക്രിമിനൽ കുറ്റമല്ലെന്ന് കഴിഞ്ഞ ഏപ്രിലിൽ ഭരണഘടന കോടതി വിധിച്ചിരുന്നു. തുടർന്ന് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിലും ഇത് ശരിവെക്കുകയായിരുന്നു. ഇതുസംബന്ധിച്ച ബിൽ പാർലമെന്‍റ് 41നെതിരെ 75 വോട്ടുകൾക്കാണ് പാസാക്കിയത്.
നഗരങ്ങളിൽ താമസിക്കുന്ന പ്രായപൂർത്തിയായ സ്ത്രീകൾക്ക് 12 ആഴ്ച വരെയുള്ള ഗർഭവും ഗ്രാമീണ മേഖലകളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും സ്ത്രീകൾക്കും 16 ആഴ്ച വരെ പ്രായമുള്ള ഗർഭവും അലസിപ്പിക്കാം.
പ്രസിഡന്‍റ് ഒപ്പുവെക്കുന്നതോടെ ബിൽ നിയമമാകും. അമ്മയുടെ ആരോഗ്യനില ഗുരുതരമാകുന്ന സാഹചര്യത്തിൽ മാത്രമേ നേരത്തേ എക്വഡോറിൽ ഗർഭഛിദ്രം അനുവദിച്ചിരുന്നുള്ളൂ.
അർജന്‍റീന, ഉറുഗ്വായ്, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ ഗർഭഛിദ്രം നിയമാനുസൃതമാണ്. അതേസമയം, ബൊളീവിയ, കൊളംബിയ, പെറു എന്നീ രാജ്യങ്ങളിൽ ബലാത്സംഗങ്ങൾക്കിരയായി ഗർഭം ധരിക്കുന്നവർക്ക് ഗർഭഛിദ്രം നടത്താം.
ബ്രസീൽ, ഗ്വാട്ടമാല, പാനമ, പരഗ്വേ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയാണെങ്കിൽ മാത്രമേ ഗർഭഛിദ്രം അനുവദിക്കൂ. എൽസാൽവഡോർ, നികരാഗ്വ, ഹോണ്ടുറസ്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഗർഭഛിദ്രം നിരോധിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.