ഗസ്സയിൽ നിന്നും നവജാതശിശുക്കളെ ഈജിപ്തിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി
text_fieldsകെയ്റോ: ഗസ്സയിൽ നിന്നും 36 നവജാതശിശുക്കളെ ഈജിപ്തിലെത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായി ഈജിപ്ത് ആരോഗ്യമന്ത്രി ഖാലിദ് അബ്ദേൽ ഗഫാർ പറഞ്ഞു. ഇതിനായി ഫലസ്തീൻ റെഡ് ക്രെസന്റുമായി ചേർന്ന് പ്രവർത്തനങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്ന് കുട്ടികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് ഈജിപ്ത് ആരോഗ്യമന്ത്രിയുടെ പരാമർശം.
36 ആംബുലൻസുകൾ തയാറാക്കി നിർത്തിയിട്ടുണ്ട്. ഇതിൽ പോർട്ടബിൾ വെന്റിലേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്. ആംബുലൻസുകൾ അതിർത്തിയിൽ കാത്തുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗസ്സയിൽ നിന്നും ചില രോഗികളെ ഈജിപ്തിലെത്തിച്ചിരുന്നു. എന്നാൽ, നവജാത ശിശുക്കളെ ഗസ്സയിലെ ആശുപത്രിയിൽ നിന്നും മാറ്റിയിരുന്നില്ല.
ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം ഇന്ന് പ്രവേശിച്ചിരുന്നു. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും അൽ-ശിഫ ആശുപത്രിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. നിരന്തരമായി അൽ-ശിഫ ആശുപത്രിയിൽ നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നുണ്ട്.
അതേസമയം, ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ശിഫ ആശുപത്രി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തുവെന്ന് അൽ-ശിഫ ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബോംബിട്ടും വെടിവെച്ചും ഒപ്പം വൈദ്യുതി മുടക്കിയും ഉപരോധം തീർത്തും ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി. ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.