ഈജിപ്തിൽ സീസി മൂന്നാമതും അധികാരത്തിൽ; 89.6 ശതമാനം വോട്ട് നേടി
text_fieldsകൈറോ: ഈജിപ്തിൽ 89.6 ശതമാനം വോട്ട് നേടി അബ്ദുൽ ഫത്താഹ് അൽ സീസി (69) വീണ്ടും അധികാരത്തിൽ. ഡിസംബർ പത്ത് മുതൽ 12 വരെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവന്നത്. മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ആറുവർഷം കൂടി തുടരാം. ഇത്തരത്തിൽ 2019ൽ ഭരണഘടന ഭേദഗതി ചെയ്തിരുന്നു.
രണ്ടാം സ്ഥാനത്തുള്ള ഹാസിം ഒമറിനു ലഭിച്ചത് 4.5 ശതമാനം വോട്ടാണ്. താരതമ്യേനെ അപ്രശസ്തരായ അബ്ദുൽ സനദ് യമാമ, ഹാസിം ഒമർ, ഫരീദ് സഹ്റാൻ എന്നിവരായിരുന്നു തെരഞ്ഞെരുപ്പിൽ സീസിയുടെ എതിരാളികൾ.
2014ലും 2018ലും 96 ശതമാനം വോട്ട് നേടിയായിരുന്നു സീസിയുടെ വിജയം. 1952നുശേഷം രാഷ്ട്രത്തലവനാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് സീസി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും പണപ്പെരുപ്പം 36.4 ശതമാനം വരെ ഉയർന്നതുമൊന്നും സീസിയെ ബാധിച്ചില്ല. രാജ്യത്തെ മൂന്നിൽ രണ്ട് ജനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയാണ്.
2013ലാണ് അദ്ദേഹം ആദ്യമായി ഈജിപ്ത് പ്രസിഡന്റാകുന്നത്. ഈജിപ്തിന്റെ ചരിത്രത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുർസിയെ അട്ടിമറിച്ചായിരുന്നു സ്ഥാനാരോഹണം. പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന ബ്രദർഹുഡിനെ നിരോധിച്ചും പ്രധാന നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ചും എതിരാളികളില്ലാത്ത നിലയിലേക്ക് പിന്നീട് അദ്ദേഹം ‘വളർന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.