മരണം പെയ്യുമ്പോഴും ഈദ് ആഘോഷമാക്കി ഗസ്സയിലെ കുട്ടികൾ
text_fieldsഗസ്സ: ഇസ്രായേലി ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ആകാശത്തുനിന്ന് ബോംബുകൾ വർഷിക്കുമ്പോഴും യുദ്ധ ടാങ്കുകൾ തുരുതുരെ മരണവെടി മുഴക്കുമ്പോഴും ഗസ്സയുടെ മണ്ണിൽ കുഞ്ഞുങ്ങളും മുതിർന്നവരും ചെറിയപെരുന്നാൾ ആഘോഷത്തിമിർപ്പിലായിരുന്നു. പെരുന്നാൾ സുദിനത്തിൽ 24 മണിക്കൂറിനിടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 63 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. വ്യോമാക്രമണത്തിലും കരയാക്രമണത്തിലും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, ഇതൊന്നും അസാമാന്യമനക്കരുത്തിന്റെ ഉടമകളായ ഗസ്സയുടെ മക്കൾക്ക് ആഘോഷിക്കാൻ വിലങ്ങുതടിയായില്ല.
വീടുകളും പള്ളികളുമടക്കമുള്ള ബഹുനില കെട്ടിടങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർത്ത് വെറും കൽക്കൂമ്പാരങ്ങളാക്കിയപ്പോൾ, അവയുടെ നടുവിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഈദ്ഗാഹ് ഒരുക്കി, ദൈവത്തിന്റെ മഹത്വം പ്രകീർത്തിച്ച് അവർ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. മുൻവർഷങ്ങളിൽ ഈദ് ദിനത്തിൽ കുടുംബസമേതം ഒരുമിച്ചുകൂടാറുള്ള പാർക്കുകളും കളിസ്ഥലങ്ങളുമെല്ലാം ഇത്തവണ ശ്മശാനസമാനമായി അധിനിവേശ സേന തകർത്തിരുന്നു. ബോംബിട്ട് തകർത്ത് മണ്ണിലേക്ക് ചെരിഞ്ഞു കിടക്കുന്ന റഫയിലെ പള്ളിയുടെ കോൺക്രീറ്റ് മേൽക്കൂരയെ അവർ പെരുന്നാളിന് ഊർന്നിറങ്ങാനുള്ള സ്ലൈഡുകളാക്കി മാറ്റിയാണ് ഇതിനവർ പരിഹാരം കണ്ടത്. ഗസ്സയിലെ കുട്ടിക്കൂട്ടം ആഘോഷാരവങ്ങളോടെ ഇവിടെ കളിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അഭയാർഥി ക്യാമ്പുകളിൽ പാട്ടുെവച്ച് നൃത്തം ചെയ്യുന്ന കുരുന്നുകൾക്കൊപ്പം മുതിർന്നവരും സന്നദ്ധപ്രവർത്തകരും ചുവടുവെക്കുന്ന വിഡിയോയും നിരവധിപേർ പങ്കൂവെച്ചിട്ടുണ്ട്. ഈദ് ദിനത്തിൽ തന്റെ മൂന്ന് മക്കളെയും മൂന്ന് പേരക്കുട്ടികളെയും കൊലപ്പെടുത്തിയതിനോട് ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയുടെ പ്രതികരണം 'രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങൾ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നൽകും' എന്നായിരുന്നു.
വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തിയാണ് ഹനിയ്യയുടെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരെയും പേരക്കുട്ടികളിയെും ഇസ്രായേൽ കൊലപ്പെടുത്തിയത്. ഗസ്സയിൽ നിന്ന് ദോഹയിലെ ആശുപത്രിയിലെത്തിച്ച പരിക്കേറ്റ ആളുകളെ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം ഈ കൊലപാതക വിവരം അറിയുന്നത്. 'അല്ലാഹു അവരുടെ പാത എളുപ്പമാക്കട്ടെ' എന്നായിരുന്നു ഇതറിഞ്ഞ ഉടൻ ഹനിയ്യയുടെ ആദ്യവാക്കുകൾ. ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും തന്‍റെ മക്കളാണെന്നും ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയേറിയതല്ല തന്‍റെ മക്കളുടെ രക്തമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നാൾപ്പിറ്റേന്നായ ഇന്നും റഫയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. പെരുന്നാളിനോടനുബന്ധിച്ച് ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്ന ജനക്കൂട്ടത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സമീപത്തെ വീടുകൾക്കും വലിയ നാശനഷ്ടം വരുത്തിവെച്ചു. നിരവധി പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം അഞ്ച് ഫലസ്തീനികളെ കൊന്നൊടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.