സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന്; എട്ട് ഇഖ്‌വാനുൽ മുസ്‍ലിമീൻ നേതാക്കൾക്ക് ഈജിപ്തിൽ വധശിക്ഷ
text_fieldsകെയ്റോ: അബ്ദുൽ ഫത്താഹ് അൽ-സീസി സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എട്ട് ഇഖ്‌വാനുൽ മുസ്‍ലിമീൻ (മുസ്‍ലിം ബ്രദർഹുഡ്) നേതാക്കളെ തൂക്കിക്കൊല്ലാൻ വിധിച്ച് ഈജിപ്തിലെ സുപ്രീം സ്റ്റേറ്റ് സെക്യൂരിറ്റി കോടതി. സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തിയെന്നും 2013ൽ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് മുർസിയെ സൈന്യം പുറത്താക്കിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്തെന്നുമാണ് പരമോന്നത നേതാവ് മുഹമ്മദ് ബദീ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റം. മുഹമ്മദ് ബദീ അറസ്റ്റിലായ ശേഷം പിൻഗാമിയായി നിയമിതനായ മഹ്മൂദ് ഇസ്സത്തും വധശിക്ഷക്ക് വിധിക്കപ്പെട്ടവരിലുണ്ട്.
ഇഖ്‌വാനുൽ മുസ്‍ലിമീന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി (എഫ്.ജെ.പി) ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് അൽ ബെൽത്താഗി, മുർസി മന്ത്രിസഭയിൽ അംഗമായിരുന്ന ഉസാമ യാസിൻ, മുൻ എം.പി അമ്ർ സാകി, പാർട്ടി ഗൈഡൻസ് ബ്യൂറോ അംഗങ്ങളായ അസ്സാം അബ്ദുൽ മാജിദ്, മുഹമ്മദ് അബ്ദുൽ മഖ്സൂദ്, പ്രഭാഷകനായിരുന്ന സഫ്‍വത്ത് ഹെസാഗി എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റുള്ളവർ.
79 പ്രതികൾ ഉൾപ്പെട്ട മൂന്ന് വർഷത്തെ കൂട്ട വിചാരണക്കൊടുവിലാണ് ജഡ്ജി മുഹമ്മദ് അൽ-സയീദ് അൽ-ഷർബിനിയുടെ നേതൃത്വത്തിലുള്ള സുപ്രീം സ്റ്റേറ്റ് സെക്യൂരിറ്റി കോടതി എട്ട് പേർക്ക് വധശിക്ഷ വിധിച്ചത്. 37 പേർക്ക് ജീവപര്യന്തം തടവും ആറുപേർക്ക് 15 വർഷത്തെ കഠിന തടവും വിധിച്ചപ്പോൾ 21 പേരെ കുറ്റമുക്തരാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ അനുമതിയുണ്ട്.
അതേസമയം, വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടനക്കും നിയമാനുസൃതമായ നടപടിക്രമങ്ങൾക്കും വിരുദ്ധമായി തടങ്കലിൽ വെക്കൽ, പീഡനം, നിയമപരമായ പ്രാതിനിധ്യം നിഷേധിക്കൽ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഇവർ ഇരയായിട്ടുണ്ടെന്നും ഈജിപ്ഷ്യൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ അഹമ്മദ് അത്താർ പറഞ്ഞു.
ഈജിപ്തിലെ ഏകാധിപതിയായിരുന്ന ഹുസ്നി മുബാറക് ‘മുല്ലപ്പൂ വിപ്ലവ’ത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ 2012ലാണ് ബ്രദർ ഹുഡ് നേതാവായ മുഹമ്മദ് മുർസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തെ പുറത്താക്കിയ സൈന്യം അൽ-സീസിയുടെ നേതൃത്വത്തിൽ അധികാരം പിടിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെയ്‌റോയിലെ റാബിഅതുൽ അദവിയ സ്‌ക്വയറിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. പിന്നാലെയാണ് 79 പേർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആറാഴ്ച നീണ്ട സമരത്തെ അടിച്ചമർത്താനുള്ള സൈനിക നടപടിയിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. മുർസിക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചു. തടവിൽ കഴിയവെ 2019ലാണ് മുർസി മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.